ഷാർജ: ഇന്ത്യൻ പ്രിമിയർ ലീഗിലെ അരങ്ങേറ്റത്തിൽ അതിവേഗത്തിലുള്ള ബോളിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മനം കവർന്ന് ജമ്മു കശ്മീരിൽ നിന്നുള്ള ഉംറാൻ മാലിക് എന്ന യുവതാരം. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലാണ് വേഗമേറിയ പന്തുകളുമായി ഉംറാൻ ആരാധകരെ വിസ്മയിപ്പിച്ചത്.

മാരകമായ പേസ് കൊണ്ട് കെ.കെ.ആർ ബാറ്റ്‌സ്മാന്മാരുടെ മുട്ടിടിപ്പിച്ച ഉംറാൻ മാലിക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള രണ്ടു പന്തുകളാണ് മാലിക് മത്സരത്തിൽ എറിഞ്ഞത്. സീസണിലെ വേഗതയേറിയ പന്തേറുകാരുടെ ആദ്യ 10 റാങ്കിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ് മാലിക്. ഈ സീസണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണ് മാലിക് കൊൽക്കത്തക്കെതിരെ എറിഞ്ഞത്.

 

ആദ്യ ഓവറിൽ തന്നെ മണിക്കൂറിൽ 146 കി.മീ വേഗതയിൽ പന്തെറിഞ്ഞ മാലിക് രണ്ടുതവണ 150 കി.മീ മുകളിലെത്തി. നാലോവറിൽ വെറും 27 റൺസ് മാത്രമാണ് 21കാരൻ വിട്ടുനൽകിയത്.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, ഈ ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ പന്തെറിഞ്ഞാണ് ഉംറാൻ തിരികെ കയറിയത്. ഇത്തവണ ഐപിഎലിൽ ആദ്യമായി 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ താരവും ഉംറാൻ തന്നെ.

സൺറൈസേഴ്‌സിനായുള്ള അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽത്തന്നെ താരം അതിവേഗം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 146 കിലോമീറ്ററിനു മുകളിൽ വേഗത്തിലെറിഞ്ഞ പന്തായിരുന്നു ആദ്യ ഓവറിലെ ഹൈലൈറ്റ്. പിന്നീട് 150 കിലോമീറ്റർ വേഗം പിന്നിട്ട് റെക്കോർഡിട്ടു. ഒരിക്കൽക്കൂടി അതേ വേഗം ആവർത്തിച്ച് ഞെട്ടിക്കുകയും ചെയ്തു.

 

ഓപ്പണിങ് സ്പെല്ലിൽ തന്നെ മണിക്കൂറിൽ 151.03 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് താരം ചരിത്രത്തിലേക്ക് നടന്നുകയറി. മത്സരത്തിൽ സൺറൈസേഴ്സ് പരാജയപ്പെട്ടെങ്കിലും ഉംറാന്റെ പ്രകടനം ശ്രദ്ധേയമായി. താരമെറിഞ്ഞ മിക്ക പന്തുകളും മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലാണ് പറന്നത്. 2021 ഐ.പി.എൽ സീസണിൽ അതിവേഗത്തിൽ പന്തെറിഞ്ഞ താരം കൊൽക്കത്തയുടെ ലോക്കി ഫെർഗൂസനാണ്. മണിക്കൂറിൽ 152.75 കിലോമീറ്ററാണ് താരത്തിന്റെ വേഗത.

നേരത്തേ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളും അദ്ദേഹത്തിനായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ബോളുകളുടെയും വേഗത. ഇതാണ് ഉംറാൻ അരങ്ങേറ്റ മൽസരത്തിലെ ആദ്യ ഓവറിൽ തന്നെ തിരുത്തിയത്.

 

ജമ്മു കശ്മീർ ടീമിന്റെ പരിശീലകനായിരിക്കെ മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാനാണ് മാലിക്കിന്റെ പ്രതിഭയെ കണ്ടെത്തിയതും വളർത്തിയതും. നെറ്റ് ബോളറെന്ന നിലയിലാണ് യുവതാരം ഇത്തവണ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം യുഎഇയിൽ എത്തിയത്.

എന്നാൽ, ഇവിടെയെത്തിയ ഉടനെ സൺറൈസേഴ്‌സിന്റെ തമിഴ്‌നാട് പേസർ ടി.നടരാജന് കോവിഡ് ബാധിച്ചതോടെയാണ് അപ്രതീക്ഷിതമായി മാലിക്കിന് ടീമിൽ ഇടം ലഭിച്ചത്. നടരാജന്റെ പകരക്കാരനായി ടീമിലെത്തിയ മാലിക്കിന്, കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങാനും സൺറൈസേഴ്‌സ് അവസരം നൽകി.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത മാലിക്കിന്റെ ബോളിങ് ശ്രദ്ധ നേടി. ശുഭ്മാൻ ഗില്ലും നിതീഷ് റാണയും ഉൾപ്പെടെയുള്ള കൊൽക്കത്ത ബാറ്റർമാരെ വേഗം കൊണ്ടു വിറപ്പിക്കാനും മാലിക്കിനു സാധിച്ചതോടെ, മത്സരശേഷം സൺറൈസേഴ്‌സ് നായകൻ കെയ്ൻ വില്യംസൻ അദ്ദേഹത്തിനു നൽകിയ വിശേഷണം ക്രിക്കറ്റ് ആരാധകരും ശരിവയ്ക്കുന്നു; 'സ്‌പെഷൽ'!

 

ഐ.പി.എൽ കളിക്കുന്ന നാലാമത്തെ കശ്മീരി ക്രിക്കറ്ററാണ് മാലിക്. പർവേഷ് റസൂൽ, റാസിഖ് സലാം, അബ്ദുൽ സമദ് എന്നിവരാണ് മാലിക്കിന് മുമ്പ് ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ജമ്മു കശ്മീർ താരങ്ങൾ.

കൊൽക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് ഒരു ട്വന്റി20, ലിസ്റ്റ് എ മത്സരം കളിച്ച പരിചയം മാത്രമാണ് മാലിക്കിന് ഉണ്ടായിരുന്നത്. ആകെ നാലുവിക്കറ്റാണ് സമ്പാദ്യം. 2020-21 സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു ലിസ്റ്റ് എ അരങ്ങേറ്റം.