ഉംറ്റാറ്റ: കളിയുടെയും ചിരിയുടെയും നിറവാർന്നൊരു കാലം, മലയാളിയുടെ മനസ്സിലൊരുക്കുന്ന ഓണാഘോഷങ്ങളുടെ വർണാഭമായ കലാവിരുന്നൊരുക്കി, ഉംറ്റാറ്റയിൽ മലയാളി സമാജത്തിന്റെ 'ഹൃദയപ്പൂത്താല' മെന്ന ഓണാഘോഷ പരിപാടി ഒരിക്കലും മറക്കാനാവാത്ത സ്‌നേഹാനുഭവമായി മാറി. ഉംറ്റാറ്റ മലയാളി അസോസിയേഷന്റെ ഒരു മാസത്തിലധികം നീണ്ട ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം സമാപ്തിയായി.

ഡോ. മേരിക്കുട്ടി മാമ്മൻ, ഡോ:അനു ജോർജ്ജ് , ബിന്ദു തോമസ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധവും രുചിയേറിയതുമായ ഓണസദ്യയോടെ ശനിയാഴ്‌ച്ച ഉച്ചക്ക് ആരംഭിച്ച ആഘോഷങ്ങൾ വൈകിട്ട് 9 മണിയോടെ അവസാനിച്ചു.

ഇന്ത്യ കണ്ടതിൽ വച്ചേറ്റവും ജനകീയനേതാവായി എന്നും എല്ലാ ഇന്ത്യക്കാരുടെയും മനസ്സിൽ സുസ്ഥിരമായ സ്ഥാനം അലങ്കരിക്കുന്ന 'സ്വപ്നങ്ങളുടെ രാജകുമാരൻ' എ പി ജെ അബ്ദുൾ കലാമിന് പ്രണാമമർപ്പിച്ച് ആരംഭിച്ച നിറവാർന്ന കലാപരിപാടികൾ സമാജം അധ്യക്ഷൻ തോമസ് ജോസഫിന്റെ് സ്വാഗതത്തോടെ തുടക്കം കുറിച്ചു.

കലാകമ്മിറ്റി അധ്യക്ഷൻ മനോജ് പണിക്കരുടെ നേതൃത്വത്തിൽ ഏകദേശം 5 മണിക്കൂറിലധികം നീണ്ട മികവാർന്ന കലാപരിപാടികളിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന അംഗങ്ങൾ വരെ പങ്കെടുത്ത വ്യത്യസ്തമാർന്ന  നടന, നാട്യ വിസ്മയം അവിസ്മരണീയമായ അനുഭവമായി.

സമാജം സെക്രട്ടറി കെ.ജെ.ജോൺ (ജിജു)വിന്റെ  കൃതജ്ഞത പ്രസംഗത്തിനു ശേഷം അത്താഴ സദ്യയും ഒരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറെ ശ്രദ്ധേയമായ, എന്നും ഒരു പൂരപ്പകിട്ടോടെ നടത്താറുള്ള ഉംറ്റാറ്റയിലെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ പതിവുപോലെ ആയിരത്തിൽ പരം മൈലുകൾക്കകലെയുള്ള പ്രിട്ടോറിയ, ഡർബൻ, പോർട്ട്  എലിസബത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വളരെയധികം മലയാളി അതിഥികൾ നേരത്തെ തന്നെ എത്തിയിരുന്നു.
സമാജം അദ്ധ്യക്ഷൻ തോമസ്സിന്റെ കരവിരുതിൽ ഏകദേശം 3 മീറ്റർ വ്യാസത്തിൽ കടഞ്ഞുണ്ടാക്കിയ നടരാജവിഗ്രഹം ഓണാഘോഷ വേദിയുടെ രംഗപടമായി പരിപാടികൾക്ക്  മാറ്റുകൂട്ടി.

എല്ലാ വർഷവും പതിവായി ക്രിതുമസ്പുതുവർഷം, ഈസ്റ്റർ, വിഷു, ഓണം, കേരളപ്പിറവിദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്ന ഏക പ്രവാസിസമൂഹമായിരിക്കും  ഉംറ്റാറ്റയിലെ മലയാളി സമാജം. തോമസ് ജോസഫ് (സോണി), കെ ജെ ജോൺ ( ജിജു ), മിനി ഡെന്നീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ സമാജം ആഘോഷങ്ങൾ ഇനി വരുന്ന കേരളപ്പിറവിയോടെ പൂർത്തിയാക്കി അടുത്ത ഭാരവാഹികളെ തിരഞ്ഞെടുത്ത് ചുമതല കൈമാറും.