ന്യൂയോർക്ക്: പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐ.എസിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ പ്രമേയം. ഐസിനെതിരേയുള്ള ആക്രമണം ഇരട്ടിയാക്കണമെന്ന പ്രമേയം യു.എൻ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരേ പൊരുതാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസാണ് പ്രമേയം തയാറാക്കിയത്.  പ്രമേയത്തിൽ ഐ.എസിനതിരേ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുവാൻ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാക്കിലും, സിറിയയിലും ഐ.എസും, ഇതര ഭീകര സംഘടനകളും സ്വന്തമാക്കിയിട്ടുള്ള സുരക്ഷിത താവളങ്ങൾ തുടച്ചു നീക്കാൻ അംഗ രാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു.


ബലപ്രയോഗത്തിനുള്ള വ്യക്തമായ അനുമതി നൽകുന്ന ഐക്യരാഷ്ട്രസഭയുടെ ചാപ്റ്റർ 7 അനുസരിച്ചുള്ള നടപടിയല്ല ഉണ്ടായിരിക്കുന്നത്. സ്വയം പ്രതിരോധത്തിനുള്ള രാജ്യങ്ങളുടെ അവകാശമനുസരിച്ച് സൈനിക നടപടി നീതീകരിക്കത്തക്കതാണെന്ന് ഫ്രാൻസും, റഷ്യയും വാദിച്ചു. അതേസമയം, തലസ്ഥാനമായ ബ്രസൽസിൽ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് അതീവ ജാഗ്രതാ മുന്നറിയപ്പു നൽകിയ ബെൽജിയം അധികൃതർ അറിയിച്ചു. പാരീസിൽ ആക്രമണം നടത്തിയ ഗ്രൂപ്പിൽ ജീവനോടെ അവശേഷിക്കുന്നുവെന്ന് കരുതപ്പെടുന്ന സാലാഹ് അബ്‌ദെസ്ലാം ഉൾപ്പെടെ പലരും ബ്രസൽസിൽ താമസിച്ചിരുന്നവരാണ്.