- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ചൊവ്വാഴ്ച മുതൽ കോവിഡ് വാക്സിനേഷൻ തുടങ്ങുന്നു; മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവൻ; ലോകത്തെ എല്ലാവർക്കും സമാനരീതിയിൽ വാക്സീൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി
ജനീവ: കോവിഡ് വാക്സീനുകൾ ദിവസങ്ങൾക്കകം മനുഷ്യരിലേക്ക് എത്തുമെന്ന പ്രഖ്യാപനങ്ങൾക്കു പിന്നാലെ, മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡിന്റെ അവസാനത്തിനായി ലോകത്തിനു സ്വപ്നം കാണാനാരംഭിക്കാമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു. ഫൈസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്ന റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
സമ്പത്തും ശക്തിയുമുള്ള രാജ്യങ്ങൾ സ്വകാര്യസ്വത്തായി കാണാതെ പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഉൾപ്പെടെ ലോകത്തെ എല്ലാവർക്കും സമാനരീതിയിൽ വാക്സീൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻ പൊതുസഭയിൽ കോവിഡിനെക്കുറിച്ചുള്ള ആദ്യ ഉന്നത സമിതി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി മനുഷ്യന്റെ ഏറ്റവും മികച്ചതും മോശമായതുമായ വശങ്ങൾ കാണിച്ചുതന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുകമ്പയും ത്യാഗവും നിറഞ്ഞ മനുഷ്യരുടെ പ്രചോദന പ്രവൃത്തികൾ, ശാസ്ത്രത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും അദ്ഭുതങ്ങൾ, ഹൃദ്യമായ ഐക്യപ്പെടലുകൾ എന്നിവ നല്ല വശങ്ങളാണ്. സ്വജനപക്ഷപാതവും കുറ്റപ്പെടുത്തലും വിഭജനങ്ങളും തുടങ്ങി മോശം സംഭവങ്ങൾക്കും കോവിഡ് വഴിയൊരുക്കി. ശാസ്ത്രത്തെ ഇകഴ്ത്തി ഗൂഢസിദ്ധാന്തങ്ങൾ പ്രചാരം നേടിയപ്പോൾ, ഐക്യപ്പെടലുകൾക്കു പകരം വിഭജനം സ്ഥാനം പിടിച്ചപ്പോൾ, ത്യാഗത്തിനു പകരം സ്വന്തം താൽപര്യം മുന്നിട്ടുനിന്നപ്പോൾ വൈറസ് പെരുകി, ലോകമാകെ പടർന്നു.
വാക്സീൻ വന്നെന്നു കരുതി ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ദാരിദ്ര്യം, വിശപ്പ്, അസുന്തലിതാവസ്ഥ, കാലാവസ്ഥാ മാറ്റം തുടങ്ങിയവ ഇല്ലാതാകുന്നില്ല. മഹാമാരി മാറുന്നതോടെ ഈ പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഏവരും ശ്രദ്ധിക്കണം. ലോകത്തിനു നിലവിലേതു പോലെ ചൂഷണാത്മകമായ ഉൽപാദനവും ഉപഭോഗവുമായി മുന്നോട്ടു പോകാനാവില്ല. ഭൂമിയിലെ എല്ലാ ജീവികളുടെയും നിലനിൽപിനു മാറ്റം അനിവാര്യമാണ്. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്ന, ഭയപ്പെടുത്തുന്ന, വിഭജന രാഷ്ട്രീയ നീക്കങ്ങളാണ് മഹാമാരിക്ക് ഇന്ധനമായതെന്നും ഗബ്രിയോസിസ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്