ആലപ്പുഴ: കെവി എം ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാന വ്യാപകമായി നഴ്‌സുമാർ നടത്തുന്ന സംരം ആരംഭിച്ചു. ആവേശത്തോടെയാണ് നഴ്‌സുമാർ സമര രംഗത്തു തുടരുന്നത്. കാൽ ലക്ഷത്തോളം നഴ്‌സുമാരാണ് യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ചേർത്തല കെവി എം ആശുപത്രിക്ക് മുമ്പിലെ സമരപന്തലിലേക്ക് ആയിരക്കണക്കിന് പേർ എത്തി. കണ്ടോളൂ ഇത് കണ്ടോളൂ... യുഎൻഎയുടെ ശക്തി ഇതാ... പിന്നോട്ടില്ല.. പിന്നോട്ടില്ല... ഓരോ ചുവടും മുന്നോട്ട്... എന്നു തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് നഴ്‌സുമാർ ചേർത്തലയെ പ്രകമ്പനം കൊള്ളിക്കുന്നത്.

യുഎൻഎ സംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് നഴ്‌സുമാർ സമര രംഗത്തുള്ളത്. ഗതാഗത തടസം സൃഷ്ടിക്കാതെ തികഞ്ഞ അച്ചടക്കത്തോടെയാണ് നഴ്‌സുമാർ സമരം ചെയ്യുന്നത്. ചേർത്തല കെവി എം ആശുപത്രിയിലെ നേഴ്‌സുമാർ ആറുമാസമായി തുടരുന്ന സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്‌സുമാർ ചേർത്തല കെവി എം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചു. പതിനായിരത്തിലേറെ നഴ്‌സുമാർ ആലപ്പുഴയിൽ എത്തുന്നുണ്ടെന്നാണ് സംഘാടകരുടെ കണക്ക്. കൂടുതൽ നഴ്‌സുമാർ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.