- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാമത്തെ പ്രസവത്തിന് ആശുപത്രിയിൽ ചെലവായത് 35,000 രൂപ; പണമില്ലെന്ന് പറഞ്ഞതോടെ അധികൃതർ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ; കുഞ്ഞിനെ തിരികെ വേണമെന്ന പരാതിയുമായി ദമ്പതികൾ
ആഗ്ര: പ്രസവ ബില്ലടയ്ക്കാൻ ശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും പണത്തിന് പകരം നവജാത ശിശുവിനെ വാങ്ങി ആശുപത്രി. ആഗ്ര ട്രാൻസ്-യമുനയിലെ ജെ.പി ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദമ്പതിമാർ രംഗത്തെത്തി. തങ്ങളുടെ പക്കൽ നിന്നും വാങ്ങിയ കുഞ്ഞിനെ തിരികെ വേണം എന്നാവശ്യപ്പെട്ട് റിക്ഷാ തൊഴിലാളിയായ ശിവ് ചരണും ഭാര്യ ബബിതയും പരാതി നൽകി. എന്നാൽ, വളർത്താൻ കഴിയാത്തതിനാൽ കുഞ്ഞിനെ ദമ്പതിമാർ സ്വമേധയാ ആശുപത്രിക്ക് കൈമാറിയതാണെന്നാണ് ആശുപത്രി അധിതൃതരുടെ നിലപാട്.
ശിവ് ചരണിന്റെ ഭാര്യ ബബിത(36) ഓഗസ്റ്റ് 24-ാം തീയതിയാണ് ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സിസേറിയൻ നടത്തിയാണ് ഡോക്ടർമാർ ആൺകുഞ്ഞിനെ പുറത്തെടുത്തത്. 35000 രൂപയായിരുന്നു ആശുപത്രിയിലെ ബിൽ തുക. എന്നാൽ ഇത്രയും തുക കൈയിൽ ഇല്ലാത്തതിനാൽ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമായിട്ടും ബബിതയ്ക്ക് സർക്കാരിൽനിന്ന് പ്രസവധനസഹായം ലഭിച്ചിരുന്നില്ല.
ഗർഭകാലത്ത് ആശ വർക്കറോ മറ്റു ആരോഗ്യപ്രവർത്തകരോ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സർക്കാരിൽനിന്ന് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും ദമ്പതിമാർ പറഞ്ഞു. എഴുത്തോ വായനയോ അറിയാത്തതിനാൽ ആശുപത്രി അധികൃതർ നൽകിയ പല കടലാസുകളിലും വിരലടയാളം പതിപ്പിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. കുഞ്ഞിനെ കൈമാറിയതോടെ ഒരു രൂപ പോലും ബില്ലടയ്ക്കാൻ ആവശ്യപ്പെടാതെ ഡിസ്ചാർജ് ഷീറ്റ് പോലും നൽകാതെ ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ദമ്പതികളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ ദമ്പതിമാർ സ്വമേധയാ ആശുപത്രിക്ക് കൈമാറിയതാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ജെ.പി. ആശുപത്രി മാനേജർ സീമ ഗുപ്ത പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകാൻ സമ്മതമാണെന്ന് ദമ്പതിമാർ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നും സീമ ഗുപ്ത വ്യക്തമാക്കി. സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് പറഞ്ഞു.
മറുനാടന് ഡെസ്ക്