കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ കസ്റ്റഡി മർദ്ദനം മൂലമാണ് ഓട്ടോ ഡ്രൈവറായ എടക്കാട് അരെചെങ്കിൽ ഉനൈസ് മരിച്ചതെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം മനുഷ്യാവകാശ കമ്മീഷൻ അംഗം ഉനൈസിന്റെ വീട് സന്ദർശിച്ചു. ബന്ധുക്കളിൽ നിന്നും വിവര ശേഖരണവും നടത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകിയെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ അന്വേഷണം എവിടേയുമെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീടിന് കല്ലെറിഞ്ഞുവെന്ന ഭാര്യാ പിതാവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 21 നാണ് എടക്കാട് പൊലീസ് സ്റ്റേഷനിൽ ഉനൈസിനെ വിളിപ്പിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും താക്കീത് ചെയ്ത് വിടുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം എടക്കാട് സ്റ്റേഷനിലെ നാല് പൊലീസുകാർ വീട്ടിലെത്തി ഉനൈസിനെ വാഹനത്തിൽ കൊണ്ടു പോവുകയായിരുന്നു.

അന്ന് വൈകീട്ട് വരെ ക്രൂരമായ മർദ്ദനത്തിന് ഇരയായി. നിവർന്ന് നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. വായിൽ നിന്നും മൂത്രത്തോടൊപ്പവും രക്തം വരുന്നുണ്ടായിരുന്നു. അന്ന് പുലർച്ചേ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ഗുരുതരാവസ്ഥയിലായതെന്ന് ഡോക്ടർമാർ രേഖപ്പെടുത്തി മെഡിക്കോ ലീഗൽ കേസായാണ് പരിഗണിച്ചത്. എന്നാൽ ദിവസങ്ങളേറെ കഴിഞ്ഞിട്ടും പൊലീസ് മൊഴിയെടുത്തില്ല. ഒടുവിൽ വീട്ടിലെത്തിയിട്ടും എഴുന്നേറ്റ് നിൽക്കാൻ പോലുമായില്ല. ഒടുവിൽ മരണമടയുകയായിരുന്നു. എന്നാൽ ഉനൈസിന്റെ മരണ ശേഷം ജില്ലാ പൊലീസ് ചീഫിന് ഉനൈസ് എഴുതി ഒപ്പിട്ട കത്ത് വീട്ടുകാർക്ക് ലഭിച്ചു. അതോടെയാണ് ഉനൈസ് പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിന് ഇടയായതെന്ന് കരുതുന്നത്.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഭാര്യാ പിതാവിന്റെ പരാതി പ്രകാരം ഉനൈസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഭാര്യയുടെ അഭ്യർത്ഥന മാനിച്ച് അന്ന് തന്നെ വിട്ടയച്ചുവെന്നും പൊലീസ് പറയുന്നു. ഉനൈസ് മരണപ്പെട്ട് രണ്ടാഴ്‌ച്ച തികയാറായിട്ടും അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. പൊലീസ് കസ്റ്റഡി മർദ്ദനം മൂലമാണ് ഉനൈസ് മരിച്ചതെന്നും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിക്കുന്നു. ഉനൈസിന്റെ പേരിൽ നാളിതുവരെ ഒരു പെറ്റി കേസുപോലും ചാർജ്ജ് ചെയ്യപ്പെടാത്ത സ്ഥിതിക്ക് പൊലീസ് എന്തിനാണ് ക്രൂരമായി മർദ്ദിച്ചതെന്നും പാച്ചേനി ചോദിക്കുന്നു. ഉനൈസിനെ പൊലീസ് മർദ്ദിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.