ദോഹ: നഗരത്തിലെ പ്രധാന റോഡുകളിലെ ട്രാഫിക് കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ട്രക്കുകൾക്ക് വിലക്ക്.  പ്രത്യേക അനുമതി വാങ്ങാതെ ട്രക്കുകൾ ദോഹയിൽ പ്രവേശിക്കുന്നതു വിലക്കുന്ന നിയമം ഇന്നലെ മുതൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി മെസഈദ്, ഇൻഡസ്ട്രിയൽ ഏരിയ, ലുസൈൽ എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിൽ ട്രക്കുകൾക്കു മാത്രമായി പ്രത്യേക റൂട്ട് കഴിഞ്ഞ ദിവസം തുറന്നിരുന്നു. മുഴുവൻ ട്രക്കുകളും പരമാവധി ഈ റൂട്ട് ഉപയോഗപ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗത്തിന്റെ നിർദ്ദേശം.

അനുവാദം കൂടാതെ നഗരത്തിൽ പ്രവേശിക്കുന്ന ട്രക്കുകൾക്ക് 500 റിയാലാണ് പിഴ നിർദേശിച്ചിരിക്കുന്നത്. ഇത്തരം ട്രക്കുകൾ കണെ്ടത്തുന്ന തിനു പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ പാതയെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും ബോധവൽക്കരി ക്കുന്നതിനു മന്ത്രാലയം പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബഹു ഭാഷാ കാംപയ്ൻ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ സൽവ-മിസഈദ് റോഡിനെ ബന്ധിപ്പിക്കുന്ന രീതിയിൽ ഇൻഡസ്ട്രിയൽ ഏരിയക്കും ലുസൈലിനുമിടയിൽ 41 കിലോമീറ്റർ നീളുന്നതാണു പുതിയ ട്രക്ക് റൂട്ട്. ഓവർടേക്കിങ് നിരോധിച്ചിരിക്കുന്ന ഈ റോഡിൽ ഇരുവശത്തേക്കും രണ്ടുവരികൾ വീതമാണുള്ളത്. ഓർബിറ്റൽ എക്സ്‌പ്രസ് വേയും, ട്രക്ക് റോഡും പൂർത്തിയാവുന്നതു വരെയുള്ള താൽക്കാലിക സംവിധാനമാണ് ഈ ട്രക്ക് റൂട്ട്.