കൊളറാഡോ: ഓൺലൈനിൽ പരസ്യം കണ്ട് വസ്ത്രം വാങ്ങാനെത്തിയ ഗർഭിണിയെ മറ്റൊരു യുവതി കുത്തിപ്പരിക്കേൽപ്പിച്ച് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. കൊളറാഡോയിലെ ലോംഗ് മോണ്ടിലാണ് മനസാക്ഷിയെ മരവിപ്പിച്ച സംഭവം അരങ്ങേറിയത്. പുറത്തെടുത്ത ഗർഭസ്ഥശിശു പിന്നീട് ആശുപത്രിയിൽ മരിച്ചു. എമർജൻസി സർവീസ് ആശുപത്രിയിലാക്കിയ അമ്മ ശസ്ത്രക്രിയയെത്തുടർന്ന് സുഖം പ്രാപിച്ചുവരുന്നതായി കൊളാറാഡോ പൊലീസ് അറിയിച്ചു.

ക്രെയ്ഗ്ലിസ്റ്റ് എന്ന ഓൺലൈനിൽ മാർക്കറ്റിൽ കുട്ടികളുടെ വസ്ത്രം വിൽക്കുന്നുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ഇരുപത്താറുകാരിയായ യുവതി ലോംഗ് മോണ്ടിലുള്ള ഡൈനൽ കട്രീസീ ലെയ്‌നിന്റെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ യുവതിയെ ലെയ്ൻ ആക്രമിക്കുകയായിരുന്നുവെന്നും പിന്നീട് വയറുകീറി ഏഴുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ യുവതി എമർജൻസി കോൾ ചെയ്തതിനെത്തുടർന്നാണ് പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്പോഴേയ്ക്കും യുവതി അബോധാവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. കുഞ്ഞുമായി ലെയ്ൻ സ്ഥലം വിടുകയും ചെയ്തിരുന്നു.

അതേസമയം ലെയ്ൻ ഭർത്താവ് ഡേവിഡ് റിഡ്‌ലിയെ ഫോണിൽ വിളിച്ച് തനിക്ക് അബോർഷൻ ഉണ്ടായെന്ന് അറിയിച്ചതിനെതുടർന്ന് ഭർത്താവെത്തി ലെയ്‌നിലെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കുഞ്ഞ് പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. നിലവിൽ ഗർഭിണിയായ ലെയ്ൻ മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്. മുപ്പത്തിനാലുകാരിയായ ലെയ്‌നിന്റെ പത്തൊമ്പതു മാസം പ്രായമുള്ള ഒരു കുട്ടി കുളത്തിൽ വീണ് പത്തുവർഷം മുമ്പ് മരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൊലക്കുറ്റം ചുമത്തി ലെയ്‌നിലെ ആശുപത്രിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ശിശുവിന്റെ പോസ്റ്റുമോർട്ടം നടന്നതിനു ശേഷം മാത്രമേ ലെയ്‌നിനു മേൽ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധിക്കൂകയുള്ളൂവെന്ന് പൊലീസ് വെളിപ്പെടുത്തി. ക്രെയ്ഗ് ലിസ്റ്റിൽ പോസ്റ്റ് ചെയ്ത പരസ്യത്തോട് മറ്റാരെങ്കിലും പ്രതികരിക്കുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വസ്ത്രം വാങ്ങാനെത്തിയ യുവതിയും ലെയ്‌നും തമ്മിൽ മുമ്പ് പരിചയമൊന്നുമുണ്ടായിരുന്നില്ലെന്നും കൃത്യത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.