ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ ഐസിസിയുടെ പുരുഷന്മാരുടെ ടി 20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

ടി 20 ലോകകപ്പ് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള അഫ്രീദി ഇന്ത്യയുടെ യുവരാജ് സിങ്, വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് എന്നീ ഐസിസി അംബാസഡര്‍മാര്‍ക്കൊപ്പം ചേരുകയാണ്.

2007 ലെ ആദ്യ ടി 20 ലോകപ്പില്‍ ഫൈനല്‍ വരെയുള്ള പാകിസ്ഥാന്റെ യാത്രയിലും, 2009 ല്‍ പാകിസ്ഥാന്‍ ജേതാക്കള്‍ ആയതിലും അഫ്രീദി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2007 ലെ ഫൈനലില്‍ ഇന്ത്യയോട് പാക് ടീം തോറ്റെങ്കിലും, അഫ്രീദിയായിരുന്നു ടൂര്‍ണമെങ്കിലെ കളിക്കാരന്‍. 2009 ലെ പാകിസ്ഥാന്റെ കപ്പ് നേട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലും, ശ്രീലങ്കയ്ക്ക് എതിരായ ഫൈനലിലും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

34 ടി20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് നേടിയിട്ടുണ്ട്. 39 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടുതവണ നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. ' സമീപകാലത്ത് ടി 20 കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവെന്നും, പുതിയ എഡിഷന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ത്രില്ലടിച്ചിരിക്കുകയാണെന്നും അഫ്രീദി പ്രതികരിച്ചു. ജൂണ്‍ 9 ന് ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നായിരിക്കുമെന്നും അഫ്രീദി പറഞ്ഞു. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ജൂണ്‍ ഒന്നുമുതല്‍ 29 വരെയാണ് ഐസിസി ടി 20 ലോകകപ്പ്. ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയെ നേരിടും. ഇത്തവണ 20 ടീമുകള്‍ മത്സരിക്കുന്നുണ്ട്. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.