- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ജില്ലാ സഹകരണ ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് മൂലധനം കണ്ടെത്തണം; കേരള ബാങ്കിന് ഓഹരി നഷ്ടം; കേരളത്തെ വെട്ടിലാക്കും ഷായുടെ സഹകരണ ഇടപെടല്‍
തിരുവനന്തപുരം: രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ജില്ലാസഹകരണ ബാങ്കുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലായം തീരുമാനിക്കുമ്പോള്‍ വെട്ടിലാകുന്നത് കേരളം. കേന്ദ്രമന്ത്രി അമിത് ഷായാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍. സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൂടുതല്‍ സജീവമാക്കും. കരുവന്നൂര്‍ അടക്കമുള്ള തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെല്ലാം.
നിലവില്‍ ജില്ലാസഹകരണ ബാങ്കുകള്‍ ഇല്ലാത്ത ഒരോ റവന്യുജില്ലകളിലും പുതിയ ബാങ്ക് രൂപവത്കരിക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകളെ കേരളം ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര നീക്കത്തോട് കേരളത്തിന്റെ പ്രതികരണം നിര്‍ണ്ണായകമാകും. എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കുന്ന ബാങ്ക് എന്നരീതിയില്‍ ജില്ലാബാങ്കുകള്‍ അനിവാര്യതയാണെന്നതാണ് കേന്ദ്ര നിലപാട്.
കേന്ദ്ര തീരുമാനം അനുസരിച്ച് കേരളബാങ്കില്‍ പ്രാഥമികബാങ്കുകളുടെ ഓഹരിവിഹിതം 990 കോടി. ഇത് ജില്ലാബാങ്കുകളിലേക്ക് മാറേണ്ടിവരും. കേന്ദ്ര തീരുമാനം സഹകരണ വായ്പാമേഖലയിലും രാഷ്ട്രീയമായും ചലനമുണ്ടാക്കും. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിച്ചത്. മലപ്പുറം ജില്ലാസഹകരണ ബാങ്ക് നിയമപരമായി പോരാടി.
മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ നിയമഭേദഗതിയിലൂടെ നിര്‍ബന്ധിത ലയനത്തിന് വിധേയമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനെതിരേയുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. പുതിയ നീക്കത്തോടെ ഈ കേസും അതിനിര്‍ണ്ണായകമാകും. 2019 നവംബര്‍ 29-നാണ് കേരളബാങ്ക് നിലവില്‍വന്നത്. കേരളത്തിന്റെ മാതൃകയില്‍ ജില്ലാബാങ്കുകളെ ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങള്‍ ഒരുങ്ങിയതാണ്. പക്ഷേ, ജില്ലാബാങ്കുകള്‍ ഇല്ലാതാകുന്നത് പ്രാഥമിക സഹകരണമേഖലയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പിന്മാറി.
ജാര്‍ഖണ്ഡും ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചു. നിലവില്‍ കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കാണ് കൂടുതല്‍ സാമ്പത്തികസഹായം ലഭിക്കുന്നത്. വായ്പേതര സംഘങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. ഇത് മാറ്റാന്‍ ഈടില്ലാതെതന്നെ എല്ലാ പ്രാഥമിക സംഘങ്ങള്‍ക്കും അഞ്ചുകോടിരൂപവരെ ജില്ലാബാങ്കുകള്‍ വായ്പ നല്‍കുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് നബാര്‍ഡിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാലത്ത് കേരളത്തെ വെട്ടിലാക്കുന്നതാണ് പലതീരുമാനങ്ങളും.
പുതി തീരുമാനത്തോടെ പ്രാഥമിക സഹകരണബാങ്കുകളാണ് കേരളബാങ്കിലെ അംഗങ്ങള്‍. ഇത് ജില്ലാബാങ്കിലേക്ക് മാറേണ്ടിവരും. നേരത്തെയുണ്ടായിരുന്ന ജില്ലാബാങ്കുകളുടെ ആസ്തികളെല്ലാം കേരളബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞു. ഇത് തിരിച്ചെടുക്കാനാവില്ല. പുതിയ ജില്ലാബാങ്കുകള്‍ സ്ഥാപിക്കുന്നതിന് പുതിയ മൂലധനവും അടിസ്ഥാനസൗകര്യവും കണ്ടെത്തണം. കേരളബാങ്കിലെ നിക്ഷേപത്തിന്റെ 76 ശതമാനം പ്രാഥമികസംഘങ്ങളിലേത്. ഇത് ജില്ലാബാങ്കുകളിലേക്ക് മാറ്റേണ്ടിവരും. ഇതെല്ലാം കേരളാ ബാങ്കിന്റെ അടിത്തറയേയും ബാധിക്കും.