കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പ്രസ് ക്ലബ് പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്‍ത്തത്.

ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും കടന്നാണ് ബസ് മതിലില്‍ ഇടിച്ചുനിന്നത്. റോഡില്‍ മറ്റുവാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോയ സമയത്താണ് അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്കു നിരങ്ങി നീങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.