കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ വിമാന ദുരന്തം. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു. 19 പേരായിരുന്നു അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 18 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റ് ഗുരുതരാവസ്ഥയിലാണ്‌. റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന.

സൗര്യ എയര്‍ലൈന്‍സിന്റെ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ജീവനക്കാരുള്‍പ്പടെ വിമാനത്തില്‍ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും അടക്കം വിമാനത്തില്‍ ഉണ്ടായിരുന്നു. നേപ്പാളിലെ അന്താരാഷ്ട്ര- ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവന്‍.

നേപ്പാളിലെ പൊഖറ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 72 പേര്‍ മരിച്ചിരുന്നു. കാഠ്മണ്ഡുവില്‍നിന്ന് കസ്‌കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ എ.ടി.ആര്‍-72 വിമാനം തകര്‍ന്നു വീണാണ് അന്ന് അപകടമുണ്ടായത്.

യതി എയര്‍ലൈന്‍സിന്റെ ചെറു വിമാനമാണ് അന്ന് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിനു സമീപം വലിയ ഗര്‍ത്തത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.