- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു ഗവര്‍ണര്‍; സര്‍ക്കാര്‍ വെട്ടില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ തീരുമാനത്തോടെ സര്‍ക്കാര്‍വെട്ടിലായി. ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാല്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഗവര്‍ണറുടെ വിയോജിപ്പോടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓര്‍ഡിനന്‍സുകള്‍. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാര്‍ഡുകളും അതിര്‍ത്തികളും പുനര്‍നിര്‍ണയിക്കും. 2021ല്‍ സെന്‍സസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറില്‍ പുതിയ തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്നത് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 മുതല്‍ 23 വരെ വാര്‍ഡുകള്‍ ഉള്ളത് ഓര്‍ഡിനന്‍സുകള്‍ വരുന്നതോടെ 14 മുതല്‍ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളില്‍ 16 മുതല്‍ 32 വരെ ഡിവിഷനുകള്‍ എന്നത് 17 മുതല്‍ 33 വരെ ആകും. നഗരസഭകളില്‍ 25 മുതല്‍ 52 വരെ വാര്‍ഡുകള്‍ എന്നത് 26 മുതല്‍ 53 വരെ ആകും. കോര്‍പറേഷനുകളില്‍ 55 മുതല്‍ 100 വരെ എന്നത് 56 മുതല്‍ 101 ആയി മാറും.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളില്‍ 3113, ആറു കോര്‍പറേഷനുകളില്‍ 414 എന്നിങ്ങനെയാണു വാര്‍ഡുകളുടെ എണ്ണം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു വിജ്ഞാപനം ചെയ്താല്‍ സെക്രട്ടറി റാങ്കിലുള്ള 4 ഐഎഎസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ള ഡീലിമിറ്റേഷന്‍ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കും.
നേരത്തെ തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശന്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവെക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടും. പുനര്‍നിര്‍ണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ വാര്‍ഡ് പുനര്‍നിര്‍ണയം യു.ഡി.എഫ് അനുവദിക്കൂവെന്നും സതീശന്‍ വ്യക്തമാക്കുകയുണ്ടായി.