ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യമാളില്‍ മകന്റെയൊപ്പം മുണ്ട് ധരിച്ചെത്തിയ വയോധികനായ കര്‍ഷകന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ കര്‍ശന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുണ്ടുടുത്തുവന്ന കര്‍ഷകനായ ഫക്കീരപ്പയ്ക്കാണ് മാഗഡി റോഡിലെ ജി.ടി. വേള്‍ഡ് മാളില്‍ പ്രവേശനം നിഷേധിച്ചത്. മാള്‍ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തു.

പരമ്പരാഗത വസ്ത്രമായ മുണ്ട് ധരിച്ചെത്തിയ വയോധികനെ ബെംഗളൂരു ജിടി മാളില്‍ നിന്നും പുറത്താക്കുന്ന വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി പൊലീസും സര്‍ക്കാരും രംഗത്തെത്തിയത്. ഫക്കീരപ്പയും മകന്‍ നാഗരാജും മാളില്‍ സിനിമകാണാന്‍ വന്നതായിരുന്നു. എന്നാല്‍, പ്രവേശനകവാടത്തില്‍ സുരക്ഷാജീവനക്കാരന്‍ തടഞ്ഞു. പാന്റ്‌സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂവെന്ന് ജീവനക്കാരന്‍ പറഞ്ഞെന്നാണ് ആരോപണം.

മുണ്ടുടുത്തവരെ മാളില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാജീവനക്കാരന്‍ പറയുന്നത് നാഗരാജ് ചിത്രീകരിച്ച വീഡിയോയില്‍ വ്യക്തമാണ്. ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന്, ബുധനാഴ്ച രാവിലെ മാളിനുമുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫക്കീരപ്പയെയുംകൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്. ഇതിനിടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി പൊലീസും സര്‍ക്കാരും രംഗത്തെത്തിയത്. മാള്‍ ഏഴ് ദിവസം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി നഗരവികസന മന്ത്രി ബൈരതി സുരേഷ് കര്‍ണാടക നിയമസഭയെ അറിയിക്കുകയായിരുന്നു.

ഫക്കീരപ്പയെയും മകനെയും പ്രവേശനകവാടത്തില്‍ തടഞ്ഞ സുരക്ഷാ ജീവനക്കാരന്‍ പാന്റ്‌സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂവെന്ന് പറയുന്നത് പുറത്ത് വന്ന വീഡിയോയില്‍ കാണാം. വീഡിയോ പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം രാവിലെ മാളിനുമുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആയിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി മാള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷക നേതാവ് ശാന്തകുമാര്‍ മുന്നറിയിപ്പ് നകിയിരുന്നു. ഇതോടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിച്ചു. എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.