- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയസാധ്യത പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ലേബര്‍ പാര്‍ട്ടിയെ ജയിപ്പിച്ച് അപകടത്തിലേക്ക് നടന്നടുക്കരുതെന്നും ഋഷി സുനക്
ലണ്ടന്‍: ജൂലായ് 4 ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുമ്പോഴും ഋഷി സുനക് ആത്മവിശ്വാസം കൈവിടുന്നില്ല. അതേസമയം, തങ്ങള്‍ ഭരണത്തില്‍ ഇരുന്ന് ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് കരുതുന്നില്ലെന്നും, ജനങ്ങളുടെ നിരാശയും നീരസവും മനസ്സിലാക്കുന്നുണ്ടെന്നും ഋഷി ബി ബി സിയോട് പറഞ്ഞു.
അതേസമയം, ജനങ്ങള്‍ ഉണരണമെന്നും, ഒരു ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലുള്ള ഭവിഷ്യത്തുകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടാല്‍ പാര്‍ട്ടി നേതൃത്വ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് താന്‍ പാര്‍ട്ടിയെ ഏറെ സ്നേഹിക്കുന്നുവെന്നും, പാര്‍ട്ടിയെ സേവിക്കുക എന്നതാണ് തന്റെ ജീവിത ദൗത്യമെന്ന് കരുതുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അടുത്ത വെള്ളിയാഴ്ച, ഉറക്കമുണര്‍ന്ന്, തെളിഞ്ഞ മനസ്സുമായി വോട്ടു ചെയ്യാന്‍ പോകണമെന്നും, അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണത്തില്‍ രാജ്യത്തെ സുരക്ഷിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ കയറിയാല്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് സര് കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ഭരണം തികഞ്ഞ പരാജയമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.