ഇടുക്കി: സര്‍ക്കാര്‍ ഹോമിയോ ആശുപത്രി വക ഭൂമിയില്‍ നിന്നും സിപിഎം നേതാവായ വികസന സമിതി അംഗത്തിന് ഏത്തവാഴക്കുലകള്‍ വെട്ടി കടത്താന്‍ ഒത്താശ ചെയ്ത വനിതാ ജീവനക്കാരിക്ക് കുറ്റാരോപണ മെമ്മോ നല്കി. പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാള മാതൃക ഹോമിയോ ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പറായ പി.എച്ച. ജമീലയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. നോട്ടീസില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്.

ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആശുപത്രി വികസന സമിതി വാഴ കൃഷിയില്‍ നിന്നുള്ള വിളവ് സ്ഥാപന അധികാരിയായ മെഡിക്കല്‍ ഓഫീസറുടെ അറിവോ സമ്മതമോ കൂടാതെ അനധികൃതമായി ശേഖരിച്ചു വില്പന നടത്തുന്നതിനു കൂട്ടുനില്‍ക്കുകയും വാഴക്കുലകള്‍ കടത്തുന്നതിന ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തുവെന്നും ഇത് അധികൃതരില്‍ മറച്ചു വയ്ക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും നടത്തിപ്പിനും ജീവനക്കാരോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിനു പകരം സ്ഥാപിത താല്പര്യം സംരക്ഷിച്ചു കിട്ടുന്നതിനു ജീവനക്കാരെ കരുവാക്കുകയും ബലിയാടുകള്‍ ആക്കുകയും അവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയും ഇതിനെല്ലാം കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നും മെമ്മോയില്‍ പറയുന്നു.

ആശുപത്രി വൃത്തിയാക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗശേഷം ഇവ സൂക്ഷിക്കാനുപയോഗിക്കുന്ന മുറിയില്‍ കൊണ്ടുപോയി പൂട്ടി വയ്ക്കണം എന്നാണ് ചട്ടമെങ്കിലും ഇവര്‍ കൃത്യമായി പാലിക്കാറില്ല. ഉപകരണങ്ങള്‍ ഉപയോഗശേഷം രോഗികളടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ഫീഡിങ് റൂമില്‍ സ്ഥിരമായി കൊണ്ടുപോയി അലക്ഷ്യമായി ഇട്ടിട്ടു പോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൊച്ചുകുട്ടികളുമായി സ്ത്രീകള്‍ പോയി ഇരിക്കുന്ന മുറിയില്‍ ഇത്തരം വൃത്തിഹീനമായ ഉപകരണങ്ങള്‍ കൊണ്ടുവയ്ക്കുക എന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ് ജമീലയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും മെമ്മോയില്‍ ആരോപിക്കുന്നു.

പാര്‍ട്ട് ടൈം സ്വീപ്പറുടെ ജോലി സമയം 8.30 മുതല്‍ 11.30 വരെയാണെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തന സമയം ആരംഭിക്കുന്ന ഒന്‍പത് മണിക്ക് ശേഷമാണ് ജോലി ചെയ്യുന്നത്. ഇത് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഒരുപോലെ അസൗകര്യമാണെന്നും സ്ഥാപനത്തിന്റെ സുഗമമായ കൃത്യനിര്‍വഹണം തടസപ്പെടുത്തലുമാണ്. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും പുറത്തുള്ള ജനങ്ങളോടും മറ്റു ആളുകളോടും അപവാദങ്ങള്‍ പറഞ്ഞുനടക്കുന്നത് പതിവും വിനോദവുമാണെന്നും മെമ്മോയിലെ മറ്റൊരു ആരോപണം.

വിളവെടുപ്പിന് പാകമായ ഒന്‍പത് വാഴക്കുലകളാണ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും കാണാതായത്.ഇവ മോഷണം പോയതെന്നായിരുന്നു ആദ്യം ജീവനക്കാര്‍ കരുതിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജമീലയുടെ അറിവോടെ വികസന സമിതി അംഗം വെട്ടി കടത്തിക്കൊണ്ടുപോയി വില്പന നടത്തിയതായി കണ്ടെത്തിയത്. സംഭവം വിവാദമായതോടെ 248 രൂപയുടെ തീയതി രേഖപ്പെടുത്താത്ത ബില്ല് വികസന സമിതിയില്‍ നല്കി തലയൂരാനും അംഗം ശ്രമം നടത്തി.

വാഴ കൃഷിയ്ക്കായി 1600 രൂപ ചെലവായതായും അതുമായി ബന്ധപ്പെട്ട ബില്‍ താമസിയാതെ എത്തിക്കാമെന്നും എച്ച്.എം.സി യോഗത്തില്‍ ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നല്കിയിട്ടില്ലെന്നാണ് അറിയുന്നത്.