മുംബൈ: അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ സംഘത്തെ യഷ് ദുൽ നയിക്കും. എസ് കെ റഷീദാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളെയും സെലെക്ടർമാർ തിരഞ്ഞെടുത്തിട്ടുണ്ട്.

ജനുവരിയിൽ വെസ്റ്റ് ഇൻഡീസിലാണ് ലോകകപ്പ്. ഗ്രൂപ്പ് ബിയിൽ 15ന് ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് ലോകകപ്പ്. ദക്ഷിണാഫ്രിക്കയെ കൂടാതെ അയർലൻഡ്, ഉഗാണ്ട എന്നിവരെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.

16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങളാണുള്ളത്. നാല് ഗ്രൂപ്പിൽ നിന്ന് ആദ്യത്തെ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും. ജനുവരി 14 മുതൽ ഫെബ്രുവരി 5 വരെ 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

നാല് തവണ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കപ്പുയർത്തിയത്. 2016, 2020 വർഷങ്ങളിൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. കഴിഞ്ഞ തവണ ബംഗ്ലാദേശിനോടാണ് ടീം പരാജയപ്പെട്ടത്.

ഇന്ത്യൻ ടീം: യഷ് ദുൽ (ക്യാപ്റ്റൻ), ഹർനൂർ സിങ്, ആഗ്രിഷ് രഘുവൻഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റൻ), നിശാന്ത് സിദ്ദു, സിദ്ധാർത്ഥ് യാദവ്, അനീഷ്വർ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പർ), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പർ), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശൽ താംബെ, ആർ എസ് ഹംഗർഗേക്കർ, വാസു വാട്സ്, വിക്കി ഒസ്ത്വൽ, രവികുമാർ, ഗാർവ് സാങ്വാൻ.

സ്റ്റാൻഡ് ബൈ താരങ്ങൾ : റിഷിത് റെഡ്ഡി, ഉദയ് സഹരൺ, അൻഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിങ് റാത്തോർ.