ആന്റിഗ്വ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരെ മികച്ച വിജയലക്ഷ്യം പടുത്തുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റിന് 290 റൺസെടുത്തു. സെഞ്ചുറിയുമായി നായകൻ യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്ഖ് റഷീദുമാണ് ഇന്ത്യൻ കൗമാരപ്പടയ്ക്ക് കരുത്തായത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോർബോർഡിൽ മൂന്ന് റൺസ് മാത്രം ചേർക്കുമ്പോഴേക്കും ഓപ്പണർ ടീഗ് വില്ലിയുടെ വിക്കറ്റ് നഷ്ടമായി. ഓസിസ് പന്ത്രണ്ട് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ്.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആംഗ്രിഷ് രഘുവംശി ആറിലും ഹർനൂർ സിങ് 16 റൺസിലും പുറത്താകുമ്പോൾ ഇന്ത്യക്ക് 12.3 ഓവറിൽ 37 റൺസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ മൂന്നാം വിക്കറ്റിൽ സാവധാനം തുടങ്ങി 204 റൺസ് ചേർത്ത് യാഷ് ദുൾ- ഷെയ്ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു. 46-ാം ഓവറിലെ അഞ്ചാം പന്തിൽ യാഷ് റണ്ണൗട്ടാവുകുമ്പോൾ ഇന്ത്യൻ സ്‌കോർ 241ലെത്തിയിരുന്നു.

ക്യാപ്റ്റന്റെ വീറോടെ മുന്നിൽനിന്ന് നയിച്ച് സെഞ്ചുറി നേടിയ യാഷ് 110 പന്തിൽ 110 റൺസ് നേടി. എന്നാൽ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 108 പന്തിൽ 94 റൺസ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ സ്‌കോറുയർത്താനുള്ള ശ്രമങ്ങൾക്കിടെ രാജ്വർധൻ 13 റൺസെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12*), ദിനേശ് ബനയും(20*) ഇന്ത്യൻ സ്‌കോർ മികച്ചതാക്കി ഇന്നിങ്സ് പൂർത്തിയാക്കി.