കൊച്ചി: 'അണ്ടർ വാല്യുവേഷ'ന്റെ പേരിൽ നോട്ടീസ് കിട്ടിയ ആയിരക്കണക്കിന് ഭൂ ഉടമകൾ വലയുന്നു. സർക്കാർ 2010-ൽ നിശ്ചയിച്ച ന്യായവിലയും അതിനുശേഷം വരുത്തിയ നിശ്ചിതശതമാനം വർധനയും ഉൾപ്പെടുത്തി വില നിശ്ചയിച്ച് ആധാരം ചെയ്ത ആയിരക്കണക്കിന് ആളുകളാണ് ഇതിൽ വലയുന്നത്.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി, തഹസിൽദാർമാർ പുനഃപരിശോധന നടത്തിയും ആർ.ഡി.ഒ.യുടെ മേൽനോട്ടത്തിൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഭൂമിയുടെ ന്യായവിലയിൽ സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി വരുത്തിയ വർധനയും ചേർത്താണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കുറവാണെന്ന് എങ്ങനെ രജിസ്‌ട്രേഷൻ വകുപ്പ് പറയും എന്നതും ചോദ്യമായി ഉയരുന്നുണ്ട്.

ജില്ലാ രജിസ്ട്രാർ ഓഫീസിൽനിന്ന് അണ്ടർ വാല്യുവേഷന്റെ പേരിൽ നോട്ടീസുകൾ അയക്കുന്നുണ്ട്. ഇത് വലിയ അഴിമതിക്ക് വഴിവെക്കുമെന്ന ആരോപണം ശക്തമാണ്. സ്ഥലവില കുറച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്ന് സബ് രജിസ്ട്രാർമാർ ജില്ലാ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂഉടമകൾക്ക് പണം അടയ്ക്കാൻ നോട്ടീസ് പോകുന്നത്. അത് പലപ്പോഴും തോന്നുന്നതുപോലെ ആവുന്നുവെന്നാണ് പരാതി. പണം അടയ്ക്കാതെ പലരും കേസിന് പോകുന്നുണ്ട്. തുക കൂടുതലാണെന്ന് പരാതിപ്പെടുന്നവർക്ക് കുറഞ്ഞ തുകയിൽ 'സെറ്റിൽ' ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. ഇത് വലിയ അഴിമതിക്ക് വഴിവെക്കും.

സർക്കാർ ന്യായവില പ്രഖ്യാപിക്കുകയും അതിന് നിശ്ചിത ശതമാനം വർധന നടപ്പാക്കുകയും ചെയ്തിട്ട് അതുപ്രകാരം ഭൂമി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ പൊല്ലാപ്പ് തലവേദനയാകുന്നത്. കെട്ടിടങ്ങൾക്ക് വിലയിടുന്ന കാര്യത്തിലും ഈ പരാതി ശക്തമാണ്. ചാർട്ടേഡ് എൻജിനീയർ സി.പി.ഡബ്യു.ഡി. നിരക്ക് അനുസരിച്ച് വില നിശ്ചയിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷനുകൾ നടത്തുന്നത്.

സ്ഥലവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാൽ, ജില്ലാ കളക്ടറിൽ നിക്ഷിപ്തമായ അധികാരം ജില്ലാ രജിസ്ട്രാർമാർക്ക് നൽകിയതാണ് പ്രശ്‌നമായത്.