ദോഹ: മാലിന്യ സംസ്‌കരണത്തിന് പുതിയ മോഡൽ പരിക്ഷീക്കുകയാണ് ദോഹ മുനിസിപ്പാലിറ്റി. മാലിന്യ സംസ്‌ക്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ദോഹ കോർണിഷിൽ അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകൾ സ്ഥാപിച്ചത്. ഇവിടെ പരീക്ഷിച്ച് വിജയകരമാകുകയാണെങ്കിൽ കൂടുതൽ വ്യാപകമായ തോതിൽ അണ്ടർ ഗ്രൗണ്ട് ട്രാഷ്ബിന്നുകൾ സ്ഥാപിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ദോഹ കോർണിഷിൽ സ്ഥാപിച്ചിട്ടുള്ള അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകൾ മിനിസ്റ്റർ ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെന്റ് മുഹമ്ദ് ബിൻ അബ്ദുള്ള അൽ റുമൈഹി സന്ദർശിച്ചു.

ആധുനിക ക്ലീനിങ് സംവിധാനത്തിന്റെ ഭാഗമായാണ് അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകൾ എന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹാർദജമാണെന്നും ഏറെ സ്ഥലം ബിന്നുകൾ സ്ഥാപിക്കുന്നതിന് വേണ്ടി വരില്ല എന്നതും ഇതിന്റെ മെച്ചമാണ്. ബിന്നിന്റെ അടപ്പുകൾ മാത്രമേ പുറത്ത് കാണുകയുള്ളൂ. അതുകൊണ്ടു തന്നെ ബാക്കി വരുന്ന സ്ഥലം മറ്റു കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ആവാം. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം ഉണ്ടാവില്ല എന്നതും അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകളുടെ മറ്റൊരു പ്രത്യേകതയാണ്.

പൊതുയിടങ്ങൾ ശുചിയായി സൂക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തിൽ മൃഗങ്ങളും മറ്റും ചികഞ്ഞ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇതുമൂലം ഒഴിവാക്കാം എന്നൊരു മെച്ചവുമുണ്ട്. കമേഷ്യൽ സ്ട്രീറ്റുകൾ, വൻകിട കെട്ടിടങ്ങൾ, ടവറുകൾ, സൂഖുകൾ, ഷോപ്പിങ് മാൾ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ സംവിധാനം പ്രാവർത്തിമാക്കാം. പുതിയ പരീക്ഷണം വിജയകരമാകുകയാണെങ്കിൽ രാജ്യത്ത് വ്യാപകമായ തോതിൽ അണ്ടർ ഗ്രൗണ്ട് ട്രാഷ് ബിന്നുകൾ സ്ഥാപിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.