- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ രഹിതനായ മകൻ ആശ്രിത നിയമനം ലഭിക്കാനായി അച്ഛനെ കൊന്നത് കഴുത്തറുത്ത്; സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണ റാമിന്റെ അന്ത്യം 35കാരനായ മകന്റെ കൈകൊണ്ട്; ലോഹിതദാസിന്റെ കാരുണ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന സംഭവം ഝാർഖണ്ഡിൽ
റാഞ്ചി: 1997ൽ പുറത്തിറങ്ങിയ മലയാള സിനിമയായിരുന്നു ലോഹിതദാസിന്റെ കാരുണ്യം. തൊഴിൽ രഹിതാനായ ഒരു ചെറുപ്പക്കാരന്റെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടുന്ന ആ ചിത്രത്തിൽ, ആശ്രിത നിയമനത്തിൽ ജോലി കിട്ടുമെന്ന് അറിഞ്ഞ് തന്റെ പിതാവിനെ അപകടത്തിൽപെടുത്തി കൊല്ലാൻ ശ്രമിക്കുന്ന മകന്റെ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ അതിന്റെ എത്രയോ ഇരിട്ട ഭയാനകമായ വാർത്തയാണ് ഇപ്പോൾ ഝാർഖണ്ഡിൽ നിന്നും പുറത്തുവരുന്നത്.
ഝാർഖണ്ഡിൽ തൊഴിൽ രഹിതനായ മകൻ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്തുകൊന്നതായി റിപ്പോർട്ട്. ബാർഖാന ജില്ലയിലാണ് സംഭവം നടന്നത്.സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ (സി.സി.എൽ) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമിനെയാണ് 35 കാരനായ മകൻ കഴുത്തറുത്തുകൊലപ്പെടുത്തിയത്.ആശ്രിതനിയമനവിഭാഗത്തിൽ ജോലി ലഭിക്കുമെന്ന് കമ്പനി നിയമാവലിയിൽ ഉണ്ടായിരുന്നു. ഇതാണ് പിതാവിനെ കൊലപ്പെടുത്താൻ മകനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൃഷ്ണ റാം. ഇദ്ദേഹത്തെ കഴിഞ്ഞദിവസം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ പിടിയിലായത്.ബാർഖാന ജില്ലയിലെ ക്വാർട്ടേഴ്സിനടുത്താണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. മകൻ തന്നെയാണ് കൊലയ്ക്ക് പിന്നിൽ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാൾ കൃഷ്ണറാമിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രകാശ് ചന്ദ്ര മഹ്തോ മാധ്യമങ്ങളോട് പറഞ്ഞു.ജോലി ലഭിക്കാൻ വേണ്ടിയാണ് താൻ പിതാവിനെ കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിനായി ഇയാൾ ഉപയോഗിച്ച ചെറിയ കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്