സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് ജനിച്ചു വളർച്ച പൗരന്മാർക്കു വിദേശത്തു നിന്നെത്തിയ പൗരന്മാർക്കുമിടയിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറെ അന്തരമെന്ന് എംപ്ലോയ്‌മെന്റ് ഏജൻസി റിപ്പോർട്ട്. സ്വീഡിഷ് പൗരന്മാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും ഇത് 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള താഴ്ന്ന നിരക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വിദേശത്തു നിന്നെത്തി ഇവിടെ താമസമാക്കിയിരിക്കുന്ന പൗരന്മാർ്ക്കിടയിലുള് തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായിരിക്കുകയാണ്. മാർച്ചിൽ ഇത് 16.6 ശതമാനമായിരുന്നുവെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള തൊഴിലില്ലായ്മ നിരക്കിലുള്ള അന്തരം കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവർ തമ്മിലുള്ള തൊഴിലില്ലായ്മ നിരക്കിലുള്ള അന്തരം പത്തു ശതമാനമായിട്ടാണ് നിലനിൽക്കുന്നത്.

എന്നാൽ അന്തരം കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം ഇതു വർധിച്ചുവരികയേയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹം വർധിച്ചതാണ് ഇത്തരത്തിൽ സ്വദേശികൾക്കും വിദേശ പൗരന്മാർക്കുമിടയിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറെ അന്തരമുണ്ടാകാൻ കാരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.