വാഷിങ്ടൺ: അമേരിക്കൻ സമ്പദ്ഘടന വളർച്ചയിലാണെന്നും നംവബർ മാസം ചന്നെ 211, 000 പേർക്ക് തൊഴിൽ കണ്ടെത്താൻ സാധിച്ചുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ അഞ്ചു ശതമാനമായി കുറഞ്ഞുവെന്നും ഏഴു വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും വിലയിരുത്തുന്നു.

കൺസ്ട്രക്ഷൻ, ഫുഡ് സർവീസസ്, റീട്ടെയ്ൽ സെക്ടർ എന്നീ മേഖലകളിലെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടു തന്നെ യുഎസ് പലിശ നിരക്ക് ഉയർത്താനുള്ള സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. പലിശ നിരക്ക് ഉയർത്തുന്നതിന് യുഎസ് സെൻട്രൽ ബാങ്കിന് തൊഴിലില്ലായ്മ നിരക്ക് കൂടി പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കുറവ് പ്രകടമായാൽ മാത്രമേ പലിശ നിരക്ക് വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഈ മാസം 15നും 16നുമാണ് ഫെഡറൾ റിസർവിന്റെ പോളിസി സെറ്റിങ് കമ്മിറ്റി ചേരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ഡിസംബറിൽ പലിശ നിരക്ക് പൂജ്യത്തോളം കുറച്ചിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക്  ഇത്രയേറെ കുറഞ്ഞ സ്ഥിതിക്ക് ഈ മാസം പലിശ നിരക്കിൽ വർധന പ്രതീക്ഷിക്കാമെന്നും ഫെഡറൽ റിസർവ് ചെയർപേഴ്‌സൽ ജാനെറ്റ് യെല്ലെൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത് മണിക്കൂർ വേതനം ശരാശരി നാലു സെന്റ് വർധിച്ച് 25.25 ഡോളർ ആയെന്നും വിലയിരുത്തപ്പെടുന്നു. ഒക്ടോബറിൽ 0.4 ശതമാനം വർധന രേഖപ്പെടുത്തിയതിനു പിന്നാലെ നവംബറിലും 0.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.