മെൽബൺ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി വർധിച്ചതായി എബിഎസ് ജോബ്‌സ് ഡേറ്റ. 7,900 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിട്ടും തൊഴിലില്ലായ്മ നിരക്കിൽ വർധന രേഖപ്പെടുത്തിയത് നിരാശയ്ക്ക് ഇടം നൽകിയിരിക്കുകയാണ്. രാജ്യത്ത് അഞ്ചു മാസത്തിൽ ആദ്യമായാണ് തൊഴിലില്ലായ്മ നിരക്കിൽ വർധന ഉണ്ടായിട്ടുള്ളത്.

10,000 തൊഴിൽ സാധ്യത സൃഷ്ടിക്കപ്പെടുമെന്നും തൊഴിലില്ലായ്മ നിരക്കിൽ 5.8 ശതമാനം വർധന ഉണ്ടാകുമെന്നുമുള്ള പ്രവചനങ്ങൾക്ക് അനുസൃതമായാണ് സംഭവിച്ചിട്ടുള്ളതും. അതേസമയം ഫുൾടൈം തൊഴിൽ ലഭിക്കുന്നവരുടെ എണ്ണത്തിൽ 38,400 എന്നു കണ്ട് വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ പാർട്ട് ടൈം ജോലി ലഭിക്കുന്നവരുടെ എണ്ണത്തിൽ കനത്ത ഇടിവാണ് ഉണ്ടായിട്ടുള്ളത്. പാർട്ട് ടൈം ജോലിക്കാരുടെ എണ്ണം 30,600 ആയി കുറഞ്ഞിട്ടുണ്ട്.

തൊഴിലില്ലായ്മ നിരക്കിനൊപ്പം തന്നെ പാർട്ടിസിപ്പേഷൻ റേറ്റിലും വർധന ഉണ്ടായിട്ടുണ്ട്. ഇത് നിലവിൽ 64.9 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. ഫുൾ ടൈം ജോലി ലഭിച്ചവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജോലി ചെയ്യുന്ന മണിക്കൂറിന്റെ കാര്യത്തിൽ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.

തൊഴിലില്ലായ്മ നിരക്ക് ഇടിഞ്ഞത് പലിശ നിരക്കിൽ ഇനിയുമൊരു വെട്ടിച്ചുരുക്കലിന് കാരണമാകുമെന്നും വിലയിരുത്തുന്നുണ്ട്.  ഇതനിടെ ഓസ്‌ട്രേലിയൻ ഡോളറിന്റെ മൂല്യം യുഎസ് ഡോളറിന് എതിരെ 76.3 സെന്റ് ആയി ഉയർന്നിട്ടുണ്ട്. ഓഹരി വിപണി നേട്ടമുണ്ടാക്കുന്നതായാണ് തുടക്കത്തിൽ കാണുന്നത്. 0.25 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.