മാഡ്രിഡ്: സ്‌പെയിനിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നതായി ലേബർ മിനിസ്ട്രി. ജൂലൈ മാസത്തെക്കാൾ 14,435 പേർ കൂടുതലായി ഓഗസ്റ്റിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്്.ഈ വർഷം ഫെബ്രുവരിക്കു ശേഷമുള്ള ഉയർന്ന തോതാണിതെന്നണ് വിലയിരുത്തുന്നത്.

അതേസമയം മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം 370,459 ആയി കുറഞ്ഞിട്ടുണ്ടെന്നും മിനിസ്ട്രി പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. സ്‌പെയിനിന്റെ സമ്പദ് ഘടന പ്രധാനമായും ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. സമ്മറിന്റെ അവസാനമാകുമ്പോഴേയ്ക്കും ജോബ് മാർക്കറ്റിൽ വൻ ഇടിവാണ് സാധാരണ ഉണ്ടാകാറുള്ളത്. ടീച്ചിങ് കോൺട്രാക്ടുകൾ അവസാനിക്കുകയും ഫാക്ടറികൾ ഉത്പാദനം കുറയ്ക്കുകയും റെസ്റ്റോറന്റുകൾ ഹോട്ടലുകൾ എന്നിവയിൽ തിരക്ക് കുറയുകയും ചെയ്യുന്നതോടെ തൊഴിൽ വിപണിയിലും മാന്ദ്യം അനുഭവപ്പെടും.

അതുകൊണ്ടു തന്നെ ഓഗസ്റ്റ് മാസത്തിൽ എല്ലാ മേഖലയിലും തൊഴിലില്ലായ്മ നിരക്ക് ഏറുന്ന കാഴ്ചയാണ് ഉണ്ടാകുക. അതേസമയം സർവീസ്, ഇൻഡസ്ട്രിയൽ സെക്ടറുകളിൽ തൊഴിൽ വർധിക്കുന്നതായും കാണാം. മാത്രമല്ല, പുതിയ സർക്കാരിനായി രാഷ്ട്രീയക്കാർ ചരടു വലികൾ നടത്തുന്നതിന്റെ ഫലമായും തൊഴിലില്ലായ്മ നിരക്ക് ഇവിടെ വർധിക്കുന്നുണ്ട്. ഡിസംബറിലും ജൂണിലും തെരഞ്ഞെടുപ്പുകൾ നടത്തിയെങ്കിലും തൂക്കു പാർലമെന്റ് രൂപീകരിക്കേണ്ട വന്ന സാഹചര്യത്തിലാണ് വീണ്ടും പുതിയ സർക്കാരിനായുള്ള ശ്രമങ്ങൾ നടക്കുന്നത്.

ഗ്രീസ് കഴിഞ്ഞാൽ പിന്നെ യൂറോ സോണിൽ തൊഴിലില്ലായ്മ നിരക്ക് സ്‌പെയിനിലാണ് ഏറ്റവും കൂടുതൽ. 2016-ന്റെ രണ്ടാം പാദത്തിൽ ഇത് 20 ശതമാനമായാണ് നിലനിൽക്കുന്നത്.