വിയന്ന: രാജ്യത്ത് തൊഴിലില്ലായ്മ റെക്കോർഡ് നിലയിലെത്തിയതായി റിപ്പോർട്ട്. നിലവിൽ 389,000 ആൾക്കാരാണ് തൊഴിൽ രഹിതരായിട്ടുള്ളത്. 1950-കൾക്കു ശേഷമുള്ള ഉയർന്ന തോതാണിതെന്നും വിലയിരുത്തപ്പെടുന്നു. മുൻ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മയിൽ ഒരു ശതമാനം വർധനയും അഞ്ചു വർഷം മുമ്പുള്ളതിനെക്കാൾ 42 ശതമാനവുമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ബിൽഡിങ്, ഇൻഡസ്ട്രി സെക്ടറുകളിലും ടെമ്പററി എംപ്ലോയ്‌മെന്റ് മേഖലയിലും നേരിയ തോതിൽ തൊഴിൽ വർധന രേഖപ്പെടുത്തുന്നുണ്ടെന്നും ഓസ്ട്രിയൻ ജോബ് സെന്റർ വക്താവ് വെളിപ്പെടുത്തുന്നു. ഓസ്ട്രിയൻ തൊഴിലില്ലായ്മ നിരക്ക് യൂറോപ്യൻ ശരാശരിയേക്കാൾ താഴെയാണെങ്കിലും ഏതാനും വർഷങ്ങളായി രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചുവരികയാണ്.

നിലവിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാണ്. 1950-കൾക്കു ശേഷമുള്ള ഏറ്റവും ഉയർന്ന തോതാണിത്. യൂറോപ്പിൽ തൊഴിലില്ലായ്മ നിരക്ക് ശരാശരി 9.6 ശതമാനമാണ്. ഓസ്ട്രിയയയിൽ തൊഴിലില്ലായമ നിരക്ക് ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത് വിയന്നയിലാണ്. 3.8 ശതമാനമാണ് ഇവിടെ വർധന രേഖപ്പെടുത്തുന്നത്. ലോവർ ഓസ്ട്രിയയിൽ 3.1 ശതമാനവും ബർഗൻലാൻഡിൽ 2.1 ശതമാനവുമാണ് വർധന.

മറ്റു പ്രൊവിൻസുകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കുറഞ്ഞിരിക്കുന്നത് ടൈറോളിലും സാൽസ്ബർഗിലുമാണ്.