വാഷിങ്ടൺ: കഴിഞ്ഞ മാസം യുഎസ് തൊഴിൽ മേഖലയിൽ കൂട്ടിച്ചേർക്കപ്പെട്ടത് 160,000 തൊഴിലവസരങ്ങൾ മാത്രമാണെന്ന് റിപ്പോർട്ട്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിൽ തന്നെ നിലനിൽക്കുകയാണെന്നും ഇക്കാര്യത്തിൽ മെച്ചം ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സെപ്റ്റംബർ മുതലുള്ള തൊഴിലില്ലായ്മ നിരക്കിന്റെ കണക്കെടുക്കുമ്പോൾ ഇത് ഏറ്റവും താഴ്ന്ന തോതാണെന്നും എംപ്ലോയർമാർ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായി മാറിയെന്നും ഒരു സർക്കാർ റിപ്പോർ്ട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രൊഫഷണൽ, ബിസിനസ് സർവീസ് മേഖല, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ ആക്ടിവിറ്റീസ് എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. അതേസമയം മൈനിങ് മേഖലയിൽ തൊഴിൽ നഷ്ടമാണ് ഉണ്ടായത്. സ്വകാര്യ മേഖലയിൽ തൊഴിൽ അവസരങ്ങൾ മെച്ചപ്പെട്ടുവെന്നും വേതന വർധനയുണ്ടായിട്ടുണ്ടെന്നും യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശരാശരി ഒരു മണിക്കൂറിലുള്ള വേതനം 3.2 ശതമാനം ആയി വർധിച്ചിട്ടുമുണ്ട്.

തൊഴിൽ മേഖലയിൽ ഇനിയും വളർച്ച ഉണ്ടാകേണ്ടതുണ്ടെന്നും വേതന വ്യവസ്ഥകൾ മെച്ചപ്പെടേണ്ടതുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ച രണ്ടു വർഷത്തിൽ ഏറ്റവും സാവധാനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഒബാമയുടെ ഭരണകാലത്ത് മൂന്നു ശതമാനമാണ് വളർച്ച ഉണ്ടായിട്ടുള്ളതെന്നും ഹൗസ് വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റി ചെയർമാൻ കെവിൻ ബ്രാഡി കുറ്റപ്പെടുത്തി. സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്നും ലേബർ ഫോഴ്‌സ് തെറ്റായ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ബ്രാഡി വ്യക്തമാക്കി.