തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ; റിപ്പോർട്ടുമായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി; തൊഴിൽ വിപണിയിൽ സമ്മർദ്ദം ശക്തമാകുന്നുവെന്നും റിപ്പോർട്ട്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ദേശീയ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 8.32 ശതമാനത്തിലേക്ക് എത്തി. ജൂലൈയിൽ ഇത് 6.95 ശതമാനമായിരുന്നു. 1.37 ശതമാനത്തിന്റെ ഉയർച്ചയാണ് ഒരുമാസത്തിനുള്ളിൽ ഉണ്ടായത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
നഗര തൊഴിലില്ലായ്മ ഓഗസ്റ്റിൽ 1.5 ശതമാനം ഉയർന്ന് 9.78 ശതമാനമായി. ജൂലൈയിൽ ഇത് 8.3 ശതമാനവും ജൂണിൽ 10.07 ശതമാനവും മെയ് മാസത്തിൽ 14.73 ശതമാനവും ഏപ്രിലിൽ 9.78 ശതമാനവുമായിരുന്നു.മാർച്ച് മാസത്തിൽ, കോവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പ്, നഗര തൊഴിലില്ലായ്മ 7.27 ശതമാനം ആയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ തൊഴിൽ രംഗത്ത് സമ്മർദ്ദം ശക്തമാണ്. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിലും, തൊഴിൽ വിപണി ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തുടനീളം, ഹരിയാനയും രാജസ്ഥാനും അടക്കം എട്ട് സംസ്ഥാനങ്ങളെങ്കിലും ഇരട്ട അക്ക തൊഴിലില്ലായ്മാ നിരക്ക് പ്രകടിപ്പിക്കുന്നതായി സിഎംഐഇ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഗ്രാമീണ തൊഴിലില്ലായ്മ ഓഗസ്റ്റിൽ 1.3 ശതമാനം ഉയർന്ന് 7.64 ശതമാനമായി. ജൂലൈയിൽ ഇത് 6.34 ശതമാനമായിരുന്നു. പ്രധാനമായും ഖരീഫ് സീസണിൽ വിതയ്ക്കൽ കുറവായിരുന്നതാണ് തൊഴിലില്ലായ്മ ഉയരാൻ കാരണം എന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ