വിയന്ന: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. മെയ്‌ മാസം അവസാനം 395,000 തൊഴിൽ രഹിതർ രജിസ്റ്റർ ചെയ്തുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മുൻവർഷം ഇതേ സമയത്തെതിനേക്കാൾ 6.9 ശതമാനം കൂടുതലാണ് ഈ കണക്കെന്നാണ എഎംഎസ് സർവീസ് വ്യക്തമാക്കുന്നത്.

ദേശീയ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 8.6 ശതമാനമാണ്. അമ്പതു വയസിനു മുകളിലുള്ളവരുടെ ഇടയിലാണ് ഇതിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് അനുഭവപ്പെടുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 16.8 ശതമാനം വർധനയാണ് ഈ പ്രായക്കാർക്കിടയിൽ രേഖപ്പെടുത്തിയത്. കൂടാതെ വിദേശീയർക്കിടയിലും തൊഴിലില്ലായ്മ നിരക്കിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. 24.2 ശതമാനം എന്ന നിലയിലാണ് ഓസ്ട്രിയയിലുള്ള വിദേശീയരുടെ ഇടയിൽ തൊഴിലില്ലായ്മ വർധിച്ചിട്ടുള്ളത്.

ഓസ്ട്രിയയിൽ തന്നെ പടിഞ്ഞാറൻ മേഖലകളെ അപേക്ഷിച്ച് കിഴക്കൻ മേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് വിയന്നയിലാണ്. 23.9 ശതമാനമാണ് വിയന്നയിലെ തൊഴിലില്ലായ്മ നിരക്ക്. തൊഴിൽ ഇല്ലാത്ത ആൾക്കാർക്കിടയിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ട്രെയിനിങ് പരിപാടികളുടെ അഭാവമാണ് ഇത്തരത്തിൽ തൊഴിലില്ലായ്മ ഇവിടെ വർധിക്കാൻ ഇടയായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ  ഓസ്ട്രിയ മൂന്നാമതാണ് നിൽക്കുന്നത്. ജർമനി, യുകെ എന്നീ രാജ്യങ്ങളാണ് ഓസ്ട്രിയയ്ക്കു മുന്നിൽ നിൽക്കുന്നതെന്ന് തൊഴിലില്ലായ്മ നിരക്ക്കണക്കുകൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വളരെ സാവധാനത്തിലായതിനാൽ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ തക്ക നടപടികൾ കൈക്കൊള്ളാൻ നിലവിൽ സാധിക്കുന്നില്ല എന്നാണ് സോഷ്യൽ മന്ത്രി റുഡോൾഫ് ഹണ്ടസ്റ്റോഫർ വ്യക്തമാക്കിയിരിക്കുന്നത്.