മനാമ: ലോകത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റിൻ സ്ഥാനം പിടിച്ചു. അറബ് മേഖലയിലെ രാജ്യങ്ങൾക്കിടയിൽ രണ്ടാമതും ആഗോളതലത്തിൽ ബഹ്‌റിൻ 19ാം സ്ഥാനത്താണെന്നും ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കുവൈറ്റ് ആണ്.

2010 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ചുള്ള പഠനമാണ് മാഗസിൻ നടത്തിയത്. പഠനം പാതിവഴിയിൽ മുടങ്ങുക, ദാരിദ്രം, സാമ്പത്തിക സാഹചര്യം, തൊഴിൽ വൈദഗ്ധ്യമില്ലായ്മ തുടങ്ങിയ തൊഴിലില്ലായ്മയുടെ വിവിധ വശങ്ങൾ ഉൾപ്പെടുത്തിയാണ് മാഗസിൻ പഠനം നടത്തിയത്.

അതേസമയം മാഗസിൻ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിലെ ചില വിവരങ്ങൾ കൃത്യമല്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു. മാഗസിൻ പുറത്ത് വിട്ട കണക്കുപ്രകാരം ബഹ്‌റിനിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമാണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ കണക്ക് മാറ്റിനിർത്തിയാൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്ന മറ്റെല്ലാ വിവരങ്ങളും അംഗീകരിക്കുന്നതായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണെന്നും തൊഴിൽ അവസരങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ മാത്രം രാജ്യത്തെ തൊഴിൽ മേഖല ശക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.

രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലായി 158, 000 പേരാണ് തൊഴിലെടുക്കുന്നത്. ഏകദേശം 6,000 സ്വദേശികളാണ് തൊഴിൽരഹിതരായിട്ടുള്ളത്. തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടുവരാൻ സർക്കാർ നടത്തിവരുന്ന നിരന്തര ശ്രമങ്ങൾ ഇനിയും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.