മെൽബൺ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ ഇടിവു നേരിട്ടപ്പോൾ ഫുൾ ടൈം ജോബ് കുറഞ്ഞുവെന്ന് എബിഎസ് റിപ്പോർട്ട്. ജനുവരി മാസത്തിൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം അവസാനം 5.8 ആയിരുന്നത് ജനുവരിയായപ്പോഴേയ്ക്കും 5.7 ശതമാനമായി കുറയുകയായിരുന്നു. പുതുതായി 13,500 പേർക്കാണ് കഴിഞ്ഞ മാസം പാർട്ട് ടൈം ജോലി നേടാനായത്.

2016-ൽ ഏതാനും മാസങ്ങളിൽ ഫുൾ ടൈം ജോലിയിൽ വർധന കണ്ടിരുന്നുവെങ്കിലും ജനുവരിയിൽ ഇത് ഇടിയുകയായിരുന്നു. പാർട്ട് ടൈം ജോലിയുടെ കാര്യത്തിൽ ആശങ്കയ്ക്ക് ഇടയില്ലാതെ കാര്യങ്ങൾ മുന്നേറിയെങ്കിലും ഫുൾ ടൈം ജോലിയുടെ കാര്യത്തിലും ഈ വളർച്ച അനിവാര്യമാണെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ മാനേജർ ബ്രൂസ് ഹോക്ക്മാൻ വ്യക്തമാക്കുന്നു. രാജ്യത്തെ എംപ്ലോയ്‌മെന്റ് ഗ്രോത്ത് ക്വാളിറ്റിയിൽ പിന്നോക്കം പോകുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും വിലയിരുത്തുന്നു.

പാർട്ടിസിപ്പേഷൻ റേറ്റിലും (ജോലിയുള്ളതോ ജോലിക്കായി ശ്രമിക്കുകയോ ചെയ്യുന്ന മുതിർന്നവരുടെ അനുപാതം) നേരിയ കുറവ് വന്നിട്ടുള്ളതാണ് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ആഴ്ചയിൽ ലഭ്യമാകുന്ന ജോലിയുടെ കാര്യത്തിലും 0.6 ശതമാനം വർധന രേഖപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ തുടർച്ചയായി ഒമ്പതാം മാസവും വർധനയാണ് കാണിക്കുന്നത്. ലേബർ മാർക്കറ്റ് ശക്തമായ രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ ലേബർ മാർക്കറ്റ് മുന്നോട്ടു പോകുകയാണെങ്കിൽ ലേബർ മാർക്കറ്റ് എന്നത് ഒരു വലിയ പ്രശ്‌നമായി ഇനി പൊങ്ങിവരില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജോബ് മാർക്കറ്റിൽ വലിയ ഉയർച്ച-താഴ്ചകളില്ലാതെ മുന്നോട്ടു പോകുമ്പോൾ അത് സമ്പദ് ഘടനയേയും സാരമായി ബാധിക്കുകയില്ലെന്നും പറയപ്പെടുന്നു.