ഓസ്ലോ: നോർവേയിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. 2014 മുതൽ തൊഴിലില്ലായ്മ നിരക്ക് വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഒരു വർഷം കൊണ്ട് തൊഴിൽ രഹിതരുടെ വർധന 47,000 രേഖപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് നോർവേ വെളിപ്പെടുത്തിയ കണക്കു പ്രകാരമാണിത്. ജനുവരിയിലത്തെ കണക്ക് അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായെന്നാണ് വിലയിരുത്തുന്നത്. സീസൺ അനുസരിച്ചുള്ള മാറ്റങ്ങൾ പരിഗണിച്ചാണ് സ്റ്റാറ്റിസ്റ്റിക്‌സ് നോർവേ കണക്കുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. 

2014 മേയിൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനം രേഖപ്പെടുത്തിയനു ശേഷം ക്രമേണ തൊഴിലില്ലായ്മ വർധിച്ചുവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2015 ഒക്ടോബർ മുതൽ അത് ശക്തമാകാൻ തുടങ്ങി. അയ്യായിരം പേർക്ക് ഇക്കാലയളവിൽ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. നോർവേയിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതോടെ ജർമനി, യുഎസ്, സ്വീഡൻ എന്നിവിടങ്ങളിടെ തൊഴിലില്ലായ്മ നിരക്കുമായി ഇത് താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു.

ജർമനിയിൽ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനവും യുഎസിൽ 4.9 ശതമാനവും സ്വീഡൻ ഏഴു ശതമാനവുമാണ്. യൂറോപ്യൻ യൂണിയനിൽ ഇത് 8.9 ശതമാനമാണ്. അതേസമയം പ്രതീക്ഷിച്ചതിലും കൂടുതലാണ് ഇപ്പോൾ തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടായിട്ടുള്ള വർധനയെന്നും നോർഡിയ മാർക്കറ്റ് ചീഫ് അനലിസ്റ്റ് എറിക് ബ്രൂസ് പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതും രാജ്യത്ത് നിക്ഷേപസാധ്യതകൾ മങ്ങിയതുമാണ് തൊഴിലില്ലായ്മ വർധിച്ചതെന്ന് പറയപ്പെടുന്നു.