രുപത്തേഴു വർഷമായി നഴ്‌സിങ് മേഖലയിൽ പ്രവർത്തിച്ചുവരികയാണു ഞാൻ. കോഴിക്കോട് മെഡിക്കല് കോളജിലെ നഴ്‌സിങ് കോളജിൽനിന്ന് 1989ൽ ബി എസ് സി നഴ്‌സിങ് പഠനം പൂർത്തിയാക്കിയശേഷം പത്തുവർഷത്തോളമായി അമേരിക്കയിലാണു കർമമേഖലയിൽ കഴിയുന്നത്.

കോടതി ഉത്തരവുകൾ അടക്കമുള്ള വിവിധ കാരണങ്ങളാൽ ചികിത്സയ്‌ക്കെത്തുന്ന മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. കുടുംബത്തിൽനിന്നും തൊഴിലിടത്തിൽനിന്നും പൊലീസിൽനിന്നും സുഹൃത്തുക്കളിൽനിന്നുമൊക്കെ പരാതികളുടെ അടിസ്ഥാനത്തിൽ ഇവിടെ ചികിത്സതേടി എത്തിയ നിരവധി പേരുണ്ട്.

കുടിയേറ്റക്കാരായും അഭയാർഥികളായും നിരവധിപേർ മാനസികാസ്വാസ്ഥ്യവുമായി ചികിത്സതേടി എത്തുന്നുണ്ട്. പലരും പുതിയ സാഹചര്യങ്ങളുമായി സാമ്പത്തികമായും സാംസ്‌കാരികമായും ശാരീരികമായും വൈകാരികമായും ഒത്തുപോകാനാവാതെ കടുത്ത സമ്മർദത്തിലും വിഷാദത്തിലും അകപ്പെട്ടവരാണ്. പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ.

ഒരിക്കൽ ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള ഒരു അഭയാർഥിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത അവസരത്തിലെ അനുഭവമാണ് എന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. ഏറെ നാളായി അഭയാർഥിയായി വന്ന് ഒരു പാലത്തിന്റെ താഴെയാണ് ഇയാൾ അന്തിയുറങ്ങിയിരുന്നത്. ഒരു ജോലി കണ്ടെത്താനോ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന് ആശുപത്രിയിലെത്തുന്നത്. ഡിസ്ചാർജിന്റെ സമയത്ത് രോഗിയുടെ ബന്ധുക്കളെ കണ്ട് മരുന്നുകളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും നഴ്‌സുമാർ വിശദീകരിക്കാറുണ്ട്. ഭൂരിഭാഗം രോഗികളും വീടുകളിലേക്കു മടങ്ങും. വീടോ ബന്ധുക്കളോ ഇല്ലാത്തവർ സർക്കാർ പിന്തുണയുള്ള പുനരധിവാസകേന്ദ്രങ്ങളിലേക്കാണു പോകാറുള്ളത്. ഇയാളുടെ കാര്യത്തിലാകട്ടെ ബന്ധുക്കളോ സർക്കാർ നൽകുന്ന പുനരധിവാസ സൗകര്യങ്ങളോ ലഭ്യമായിരുന്നില്ല. സാധാരണ നിലയിൽ ഡിസ്ചാർജായി പോകുമ്പോൾ ടാക്‌സി വൗച്ചർ ആശുപത്രി നൽകാറുണ്ട്. ഇയാൾക്ക് ഇംഗ്ലീഷിൽ വലിയ പ്രാവീണ്യവും ഇല്ലായിരുന്നു. അതിനാൽത്തന്നെ ഭക്ഷണത്തിനും താമസത്തിനും വക കണ്ടെത്താനുള്ള സാധ്യതയും കുറവായിരുന്നു.

സ്വന്തം രാജ്യത്തേക്കു പോകാനായിരുന്നു ഇയാൾക്കു താൽപര്യം. അതിനുള്ള മാർഗം ഒരുക്കാമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. ടാക്‌സി വൗച്ചർ കൈമാറിയപ്പോൾ അതു സ്വീകരിക്കാൻ തയാറായില്ല. കൈയിലുള്ളത് മൂന്നു ഡോളർ മാത്രമാണെന്നും അടുത്ത നേരത്തെ ഭക്ഷണത്തിന് അതു വേണമെന്നും അയാൾ പറഞ്ഞു. അതുകൊണ്ട് പന്ത്രണ്ടു കിലോമീറ്റർ നടന്നു മുമ്പു താമസിച്ചിരുന്ന പാലത്തിന്റെ ചുവട്ടിലേക്കു മടങ്ങാനായിരുന്നു തീരുമാനം.

പള്ളി പുനരധിവാസം ഒരുക്കിയിരുന്നെങ്കിലും അതു സ്വീകരിക്കാൻ തയാറായിരുന്നില്ല. ധരിക്കാൻ മതിയായ വസ്ത്രങ്ങൾ ഇല്ലെന്നായിരുന്നു അതിനു കാരണമായി പറഞ്ഞത്. ജോലിയോ പണമോ ഇല്ലാതെ അവിടേക്കു പോകാൻ തയാറായില്ല. എന്തുകൊണ്ടാണ് പാലത്തിന്റെ താഴേക്കുതന്നെ പോകുന്നതെന്നു ഞാൻ ചോദിച്ചു.

അടുത്തുള്ള റസ്റ്റന്റുകളിലെ ബാക്കി വരുന്ന ഭക്ഷണം തള്ളുന്ന ഇടമായിരുന്നു ആ പാലത്തിന്റെ ചുവടുഭാഗം. അവിടെനിന്നു തനിക്കു ഭക്ഷണം കഴിക്കാമെന്നതായിരുന്നു പാലത്തിന്റെ അടിയിലേക്കു തന്നെ മടങ്ങാൻ അയാളെ പ്രേരിപ്പിച്ച കാര്യം. ഇതു കേട്ട് എന്റെ കണ്ണു നിറഞ്ഞു. കുറച്ചു പണവും താമസിക്കാൻ ഒരിടം കിട്ടാനുള്ള നിർദ്ദേശങ്ങളും നൽകിയാണ് ഞാൻ അയാളെ യാത്രയാക്കിയത്. ടാക്‌സി വൗച്ചർ ആശുപത്രി നൽകുന്നതായിരുന്നുവെന്ന് അയാളെ ബോധ്യപ്പടുത്തുകയും ചെയ്തു. പിന്നീടുള്ള കാലമെല്ലാം എന്നുമെന്ന നിലയിൽ ആയാളുടെ ഓർമകൾ എന്നെ പിന്തുടർന്നു.

(ആതുരസേവന രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നഴ്‌സാണ് ലേഖകൻ. ഇപ്പോൾ അരിസോണയിലെ ഒരു കമ്യൂണിറ്റി ഹോസ്പിറ്റലിൽ സൈക്യാട്രിക് ഡിവിഷനിൽ ക്ലിനിക്കൽ റിസോഴ്‌സ് ലീഡറായി പ്രവർത്തിക്കുന്നു)