സോഷ്യൽ മീഡിയയുടെ ഇക്കാലത്ത്, ഫേസ്‌ബുക്കിൽനിന്ന് അൺഫ്രണ്ട് ചെയ്യുന്നതും പീഡനമായി പരിഗണിക്കാമോ? ആകാമെന്നാണ് ഏറ്റവും പുതിയ വിധി. സഹപ്രവർത്തകനെയോ സഹപ്രവർത്തകയെയോ അൺഫ്രണ്ട് ചെയ്യുന്നത് മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും അത് കുറ്റകരമാണെന്നും ടാസ്മാനിയയിലെ ഒരു ഇൻഡസ്ട്രിയൽ റിലേഷൻസ് ട്രിബ്യൂണൽ വിധിച്ചു.

ടാസ്മാനിയയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ രണ്ട് പേർക്കിടയിലെ തർക്കത്തിലാണ് ഇത്തരമൊരു വിധി. പത്തുവർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റേച്ചൽ റോബർട്‌സും സെയിൽസ് അഡ്‌മിനിസ്‌ട്രേറ്റർ ലിസ ബേർഡും തമ്മിലാണ് തർക്കം. ഒരു വസ്തുക്കച്ചവടം നഷ്ടമാകാൻ ഉത്തരവാദിയാരെന്ന തർക്കത്തിൽ പരസ്പരം കുറ്റപ്പെടുത്തിയാണ് തുടക്കം. പിന്നീട് ലിസ ഫേസ്‌ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു.

ഇതിനെതിരെ റേച്ചൽ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഫേസ്‌ബുക്കിൽനിന്ന് അൺഫ്രണ്ട് ചെയ്ത ബേർഡിന്റെ നടപടി സ്വീകരിക്കാനാവില്ലെന്നും അപക്വമായ തീരുമാനമാണ് അതെന്നും ഫെയർ വർക്ക് കമ്മീഷൻ അധ്യക്ഷ നിക്കോൾ വെൽസ് പറഞ്ഞു. ലിസയുടെ ഭർത്താവ് ജയിംസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പ്രശ്‌നം പരിഹരിക്കാൻ ജയിംസും നടപടി സ്വീകരിച്ചില്ലെന്നും ട്രിബ്യൂണൽ കുറ്റപ്പെടുത്തി.

സോഷ്യൽ മീഡിയക്ക് പ്രചാരം വർധിച്ചുവരുന്ന കാലത്ത് അതിലൂടെ നടത്തുന്ന ഇടപെടലുകൾ സാധാരണ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ജോലിസ്ഥലത്തെയും വീട്ടിലെയും പീഡനങ്ങളുടെ നിരയിലേക്ക് ഇനി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണങ്ങളും വരികയാണെങ്കിൽ അത് ഒട്ടേറെപ്പേരെ കുഴപ്പത്തിലാക്കുമെന്ന് ഉറപ്പാണ്.