ന്യൂഡൽഹി: മാനവ വിഭവ ശേഷി മന്ത്രിസ്ഥാനം നഷ്ടമായതിൽ സ്മൃതി ഇറാനിയുടെ അതൃപ്തി പുറത്തായി. കേന്ദ്ര മാനവശേഷി മന്ത്രിയായി പ്രകാശ് ജാവഡേക്കർ സ്ഥാനമേറ്റു. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമിയും ഇപ്പോൾ കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രിയുമായ സ്മൃതി ഇറാനി ചടങ്ങിൽ പങ്കെടുത്തില്ല. കുടുംബപരമായ ചില കാരണങ്ങളാലാണു സ്മൃതി ഇറാനിക്കു വിട്ടുനിൽക്കേണ്ടി വന്നതെന്നു മന്ത്രി ജാവഡേക്കർ പറഞ്ഞു. എന്നാൽ പിണക്കമുള്ളതുകൊണ്ടാണിതെന്നാണ് സൂചന.

സ്മൃതി തനിക്ക് ഇളയ പെങ്ങളെപ്പോലെയാണ്. ബുധനാഴ്ച സ്മൃതിയെ കണ്ടു മന്ത്രാലയത്തിന്റെ കാര്യങ്ങൾ ചർച്ചചെയ്തുവെന്നും ജാവഡേക്കർ പറഞ്ഞു. സ്മൃതി ഇറാനി തുടങ്ങിവച്ച നല്ല കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നു ജാവഡേക്കർ പറഞ്ഞു. ജാവഡേർക്കു പുറമേ, പുതുതായി നിയമിതരായ മറ്റു മന്ത്രിമാരും ഇന്നലെ സ്ഥാനമേറ്റു. അതിനിടെ ജാവഡേക്കർ ക്ഷണിച്ചിട്ടും സ്മൃതി ഇറാനി അധികാരമേറ്റെടുക്കലിന് വരാത്തത് ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്.

മാനവവിഭവ ശേഷി മന്ത്രിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടലിന് സ്മൃതി ഇറാനിക്ക് കഴിഞ്ഞില്ലെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ടാണ് അവരെ അവിടെ നിന്നും മാറ്റി ടെക്‌സ്റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകിയത്. പകരം ആർഎസ്എസുമായി അടുപ്പമുള്ള ജാവഡേക്കറിന് മാനവ വിഭവ ശേഷി വകുപ്പ് നൽകുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന സ്മൃതി ഇറാനിയെ സുപ്രധാനമായ മാനവശേഷി മന്ത്രാലയത്തിൽ നിയമിച്ചതിൽ ആർഎസ്എസിന് അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം. താരതമ്യേന അപ്രധാനമായ ടെക്‌സറ്റൈൽസ് മന്ത്രാലയത്തിന്റെ ചുമതലയാണു സ്മൃതിക്കു ലഭിച്ചത്.