ജിദ്ദ: രാജ്യത്ത് പുതുതായി നടപ്പാക്കുന്ന ഏകീകൃത ഹെൽത്ത് ഇൻഷ്വറൻസ് കഴിഞ്ഞ ദിവസം മുതൽ നടപ്പിൽ വന്നതായി കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് (സിസിഎച്ച്‌ഐ) വ്യക്തമാക്കി. പല ഘട്ടങ്ങളായി നടപ്പിൽ വരുത്തിയിരുന്ന ഇൻഷ്വറൻസിന്റെ അന്തിമ ഘട്ടമാണ് പത്താം തിയതി പൂർത്തിയായത്.

ഇരുപത്തഞ്ചോ അതിൽ കുറവോ ജീവനക്കാരുള്ള കമ്പനികളേയും അന്തിമ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കമ്പനികൾ അവരുടെ സ്വദേശികളും വിദേശികളുമായി ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ഹെൽത്ത് ഇൻഷ്വറൻസ് കവറേജ് നൽകിയിരിക്കണമെന്നും സിസിഎച്ച്‌ഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഹുസൈൻ വ്യക്തമാക്കി. ജീവനക്കാരുടെ ഇരുപത്തഞ്ചു വയസിൽ താഴെയുള്ള ആൺമക്കളും വിവാഹിതരല്ലാത്ത പെൺമക്കളുമാണ് ഇൻഷ്വറൻസ് പരിധിയിൽ വരുന്നത്.

ഏതെങ്കിലും എംപ്ലോയർ അവരുടെ ജീവനക്കാരെ ഇൻഷ്വറൻസ് പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടപ്പാക്കാൻ തുടങ്ങിയ സിസിഎച്ച്‌ഐയുടെ ഏകീകൃത ഹെൽത്ത് ഇൻഷ്വറൻസിന്റെ അന്തിമ ഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഈ ഘട്ടത്തിൽ കമ്പനി ജീവനക്കാരേയും അവരുടെ ആശ്രിതരേയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടം നൂറിലധികം ജീവനക്കാരുള്ള കമ്പനികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു. രണ്ടാം ഘട്ടം 99നും 50നും ഇടയ്ക്ക് ജീവനക്കാരുള്ള കമ്പനികളെ ഉൾപ്പെടുത്തിയതുള്ളതായിരുന്നു.

മൂന്നാം ഘട്ടത്തിൽ 49നും 25-നും മധ്യേ ജീവനക്കാരുള്ള കമ്പനികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു. അന്തിമ ഘട്ടത്തിൽ 25 ജീവനക്കാരുള്ള കമ്പനികളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമ്പോൾ സ്വകാര്യ മേഖലയിലുള്ള എല്ലാ കമ്പനികളും ഏകീകൃത ഹെൽത്ത ഇൻഷ്വറൻസ് കവറേജിൽ ഉൾപ്പെടുന്നു.