- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാഭിമുഖ കുർബാന തർക്കം; ഇടവകകൾക്കുള്ള ഇളവ് ഏപ്രിൽ 17 ന് അവസാനിക്കും; ഇനി ഇളവില്ല, ഈസ്റ്റർ മുതൽ ഏകീകൃത കുർബാനയെന്നും ഇരിങ്ങാലക്കുട രൂപത; വിജ്ഞാപനം പുറപ്പെടുവിച്ച് മെത്രാൻ മാർ പോളി കണ്ണൂക്കാടൻ
തൃശൂർ: ഏപ്രിൽ 17ന് ശേഷം ഇരിങ്ങാലക്കുട രൂപതയിൽ സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന അർപ്പിക്കാത്ത ഇടവകകളും കുർബാനകളും നിയമവിരുദ്ധമായ ബലിയർപ്പണം ആയിരിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഇക്കാര്യം വ്യക്തമാക്കി മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുവാൻ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ നേരിട്ട സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ സീറോമലബാർ സഭാസിനഡ് നൽകിയ ഇളവ് ഏപ്രിൽ 17 വരെ രൂപതയിൽ അനുവദിച്ചിരുന്നു. ഈ ഇളവ് ഈസ്റ്റർ ദിനത്തിൽ തീരുകയാണ്. അതിനാൽ രൂപതയിൽ ബലിയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിനോ അതിനുമുമ്പോ ഏകീകൃത ബലിയർപ്പണരീതി അവലംബിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. 2022 ലെ ഉയിർപ്പ് ഞായർ മുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഒഴികെ മറ്റൊരു രീതിയും രൂപതയിൽ നിയമാനുസൃതം അനുവദനീയമല്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
'ആരാധനാക്രമവുമായി ബന്ധപ്പെട്ട് രൂപതയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ 44 വർഷമായി നിലനിന്നിരുന്ന ഐക്യത്തിനും കൂട്ടായ്മയ്ക്കും വളരെ കോട്ടം വരുത്തിയിട്ടുണ്ട്. അത്തരം അഭിപ്രായവ്യത്യാസങ്ങൾ മറന്ന് നഷ്ടപ്പെട്ട കൂട്ടായ്മയുടെ ആഴം തിരിച്ചറിഞ്ഞ് ഒത്തൊരുമയോടെ മുന്നേറാൻ പരിശ്രമിക്കാം. കഴിഞ്ഞ സംഭവവികാസങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അനുരഞ്ജനത്തിന്റെ പാതയിൽ ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടെ അൾത്താരക്കു മുമ്പിൽ നമുക്ക് ഒത്തുചേരാം.' സുവർണ്ണജൂബിലിക്ക് ഒരുങ്ങുന്ന രൂപതയുടെ പ്രവർത്തനങ്ങളോട് ഏവരും കൂട്ടായ്മയിലും സ്‌നേഹത്തിലും ഏകമനസ്സായി സഹകരിച്ച് മുന്നേറണമെന്ന് ബിഷപ്പ് സർക്കുലറിൽ ആഹ്വാനം ചെയ്യുന്നു.
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുള്ളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്,കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്,നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ് തുടങ്ങിയ വാദങ്ങളാണ് എതിർക്കുന്നവർ ഉന്നയിക്കുന്നത്
ഒരു വിഭാഗം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പരിഷ്‌കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട്. നേരെത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലിൽ പരിഷ്‌കരിച്ച കുർബാന നടത്തും എന്നായിരുന്നു അറിയിച്ചതെങ്കിലും ബിഷപ്പ് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ സഭ ആസ്ഥാനത്ത് തന്നെ പരിഷ്‌കാരിച്ച കുർബാന നടത്താനാണ് കർദ്ദിനാലിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ