ദുബൈ: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ ഏകീകൃത മെഡിക്കൽ ലൈസൻസ് സംവിധാനം ഒക്ടോബർ 12 മുതൽ നിലവിൽ വരും. ജനുവരിയിൽ നടന്ന അറബ് ഹെൽത്ത് കോൺഗ്രസിൽ യുഎഇ ഹെൽത്ത് അഥോറിറ്റി തയ്യാറാക്കിയ കരാറിൽ ദുബൈ ഹെൽത്ത് അഥോറിറ്റിയും(ഡിഎച്ച്എ) ഹെൽത്ത് അഥോറിറ്റി അബുദാബിയും(എച്ച്എഎഡി) ഒപ്പിട്ടതോടെയാണ് ഇത് സാധ്യമായത്.

മെഡിക്കൽ പ്രൊഫഷണലുകൾക്ക് യുഎഇയിലുടനീളം ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നീക്കമെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറൽ എസ്സ അൽ മയിദൂർ അറിയിച്ചു. ഇത് മൂലം ആരോഗ്യപരിപാലന രംഗത്തിന് ഏറെ ഗുണങ്ങൾ ലഭിക്കും. ഏകീകൃത ലൈസൻസ് നിലവിൽ വരുന്നതോടെ യുഎഇയിലെ മുഴുവൻ മെഡിക്കൽ പ്രൊഫഷണലുകളെയും ഒരേ മാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്താനാകും. യുഎഇയിൽ അനുമതിയുള്ള പ്രാദേശിക മെഡിക്കൽ പദ്ധതികളിൽ നിന്ന് പരിശീലനം ലഭിച്ച ബിരുദധാരികൾക്ക് അവരവരുടെ മേഖലകളിൽ മുൻപരിചയമില്ലാതെ തന്നെ പ്രാക്ടീസ് തുടങ്ങാൻ ആകും. എന്നാൽ ആദ്യ രണ്ട് വർഷം രണ്ടാം തലത്തിലുള്ള ആശുപത്രികളിലായിരിക്കും ഇവർക്ക് ചുമതല ലഭിക്കുക.

വിദഗ്ധ ഫിസിഷ്യനോ ദന്തിസ്‌റ്റോ ആകാനുള്ള പരിചയ സമ്പത്തിന്റെ കാലാവധി എട്ട് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി തീരും. അമേരിക്കൻ ബോർഡിലെയും കനേഡിയൻ ബോർഡിലെയും യുകെയിലെ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ഓഫ് സ്‌പെഷലിസ്റ്റ് ട്രെയിനിങ് നേടിയവർക്കും ഇവിടെ നേരിട്ട് ജോലിയിൽ പ്രവേശിക്കാമെന്ന് അൽ മയ്ദൂർ വ്യക്തമാക്കി.