രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുനുദ്ദേശിച്ച് നിയമമന്ത്രാലയം പുറത്തിറക്കിയ സർവേയോട് തണുപ്പൻ പ്രതികരണം. രണ്ടാഴ്ചമുമ്പ് നിയമ കമ്മീഷൻ പുറത്തിറക്കിയ ചോദ്യവലിയോട് ഇതേവരെ പ്രതികരിച്ചത് 10,000 പേർ മാത്രം. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനകൾ ഏകകണ്ഠമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർവേ ബഹിഷ്‌കരിക്കാനും അവർ ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ, ഇതേവരെയുള്ള പ്രതികരണം ആശാവഹമാണെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ബി.എസ്.ചൗഹാന്റെ അഭിപ്രായം. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഏകീകൃത സിവിൽ കോഡിനെ എതിർക്കുമ്പോൾ മറ്റു ചിലർ സ്വാഗതം ചെയ്യുന്നുമുണ്ട്. ഏകീകൃത സിവിൽ കോഡ് രാജ്യത്തെ വീണ്ടും ഭിന്നിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ടെന്ന് അധികൃതർ പറയുന്നു.

ചില പ്രതികരണങ്ങൾ ഇരുത്തിചിന്തിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ചൗഹാൻ പറയുന്നു. വിവാഹബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്ന യുവതിയുടെ പ്രതികരണം അത്തരത്തിലൊന്നായിരുന്നു. വിവാഹമോചനത്തിനായി ആദ്യം കോടതിയെ സമീപിക്കേണ്ടിവന്നു. പിന്നീട് ജീവിതച്ചെലവ് നേടിയെടുക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനുമായി വ്യത്യസ്ത കേസ്സുകൾ നടത്തേണ്ടിവന്നു. ഇതെല്ലാം ഒരുമിച്ച് ഒറ്റക്കേസ്സായി നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണം അറിയുകയാണ് മുഖ്യമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 20-നകം രാഷ്ട്രീയ പാർട്ടികളോട് അഭിപ്രായം അറിയികകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണം അറിഞ്ഞശേഷം ഓരോ രാഷ്ട്രീയപാർട്ടിയുമായും ചർച്ചകൾ നടത്തി ഏകീകൃത സിവിൽ കോഡിനുള്ള രൂപരേഖ തയ്യാറാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വളരെ നിർണായകമായ വിഷയമായതിനാൽ, പഴുതുകളടച്ചുവേണം നിയമനിർമ്മാണെന്ന് കമ്മീഷൻ കരുതുന്നു. അതിനെടുക്കുന്ന സമയത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് ചൗഹാൻ പറഞ്ഞു.

ഒക്ടോബർ ആദ്യവാരമാണ് കമ്മീഷൻ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചോദ്യാവലി പുറത്തിറക്കിയത്. ബഹുഭാര്യാത്വം ഉൾപ്പെടെയുള്ളവ നിരോധിക്കണോ എന്ന് കമ്മീഷൻ ചോദിച്ചിട്ടുണ്ട്. ബഹുഭാര്യാത്വം മുസ്ലിം സമുദായത്തിൽ മാത്രമുള്ള പ്രശ്‌നമല്ല. ഗുജറാത്തിൽ ഹിന്ദുക്കൾക്കിടെ പ്രചാരത്തിലുള്ള മൈത്രി-കരാറും ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഏകീകൃത സിവിൽകോഡ് മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമിടുന്നതാണെന്ന തെറ്റായ വ്യാഖ്യാനമാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.