- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഡ്യൂട്ടിയിൽ യൂണിഫോം നിർബന്ധമായും ധരിക്കണം; കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം; നടപടി റിപ്പോർട്ട് നാലുമാസത്തിനകം സമർപ്പിക്കണമെന്നും ഹൈക്കോടതി
കൊച്ചി: ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകാൻ പൊലീസ് മേധാവിക്കു കോടതി നിർദ്ദേശം നൽകി.
യൂണിഫോമിൽ അല്ലാത്ത ഉദ്യോഗസ്ഥൻ കാറിൽ സ്റ്റിക്കർ പതിച്ചതു ചോദ്യം ചെയ്തതിന്റെ പേരിൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിനെതിരായ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ വരാൻ കോടതിക്കു തന്നെ പലവട്ടം പൊലീസുകാരോടു ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ബെഞ്ച് ഓർമിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും കോടതി സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളിൽ അല്ലാതെ എല്ലായ്പോഴും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് പൊലീസ് മേധാവി കർശന നിർദ്ദേശം നൽകണം. നാലു മാസത്തിനകം നടപടി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
പൊലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാർഗമാണ് യൂണിഫോം. കുറ്റകൃത്യങ്ങൾ തടയാനും പൗരന്മാർക്കു സംരക്ഷണം നൽകാനും ചുമതലപ്പെട്ട ആളാണ് അതെന്നു ജനങ്ങൾക്ക് ഒറ്റനോട്ടത്തിൽ അറിയാനാവും. അതിന് നിഷേധിക്കാനാവാത്ത പ്രതീകാത്മക മൂല്യമുണ്ടെന്ന് കോടതി പറഞ്ഞു.
നോ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിട്ടതിന് നിയമ നടപടി നേരിടുന്നയാളാണ് ഹർജിയുമായി കോടതിയിൽ എത്തിയത്. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ