ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് വരുമാന നികുതിയിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.



ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് ഇത്. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറിൽനിന്ന് മൂന്നുവർഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കിൽ മാത്രം 10 വർഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കി. 

ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാൽ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അർഹതയുണ്ടാവില്ല. 

പെട്രോൾ ലീറ്ററിന് രണ്ടര രൂപയും ഡീസൽ ലീറ്ററിന് നാലു രൂപയും ഫാം സെസ് ഈടാക്കാൻ ബജറ്റിൽ നിർദ്ദേശം. അതേസമയം എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല. 

കർഷകക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ പറഞ്ഞു. 2020-21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ നൽകും. 43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകും. നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. കാർഷിക വായ്പകൾക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടി രൂപയാക്കി. അതേസമയം, കർഷകർക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടെ മുദ്രാവാക്യം മുഴക്കിയും ആർത്തുവിളിച്ചും പ്രതിപക്ഷം പരിഹാസമുയർത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നിർമല സീതാരാമൻ ഉറപ്പുവരുത്തി. കേരളത്തിന് 65,000 കോടിയുടെ റോഡുകൾ. 600 കിലോ മീറ്റർ മുംബൈ - കന്യാകുമാരി പാത. മധുര - കൊല്ലം ഉൾപ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1,967 കോടി രൂപ. 25,000 കോടി ബംഗാളിന് വകയിരുത്തി. 675 കിലോമീറ്റർ ദേശീയപാതയ്ക്കാണ് ഈ തുക വകയിരുത്തിയത്. റയിൽവേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.

കോവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്തെ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം. ലോക്ക്ഡൗൺ കാലത്തെ നടപടികൾ രാജ്യത്തെ പിടിച്ചുനിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മനിർഭർ ഭാരത് സഹായിച്ചു.

ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബഡ്ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.കോവിഡ് വാക്സിൻ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിക്കാനായി. കോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.