- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഇരട്ട നികുതിയിൽ പ്രവാസികൾക്ക് ആശ്വാസം; കൊച്ചി മെട്രോയ്ക്ക് കരുത്ത്; റോഡുകൾ വേണ്ടുവോളം; മധുര-കൊല്ലം പാതിയിൽ കോളടിക്കൽ; കൊച്ചി ഫിഷിങ് ഹാർബറും രക്ഷപ്പെടും; മോദി സർക്കാർ വന്ന ശേഷം വാരിക്കോരി കിട്ടുന്നത് ആദ്യമായി; തെരഞ്ഞെടുപ്പുകാലം ഗുണം കണ്ടു; പോരാത്തതിന് ഗഡ്ഗരി-പിണറായി സൗഹൃദവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് കോളടിച്ചു
ന്യൂഡൽഹി: ആഗ്രഹിച്ചതെല്ലാം കിട്ടിയില്ലെങ്കിലും പരമാവധി കിട്ടി. കേന്ദ്ര ബജറ്റിൽ കേരളത്തിന് വൻ പ്രഖ്യാപനം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് നേട്ടം. ഇതിന് കാരണം ഉപരിതല ഗതാഗത വകുപ്പും കേരളവുമായുള്ള നല്ല ബന്ധമാണ്. ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന്റെ രാഷ്ട്രീയവും കേരളത്തിന് തുണയായി. അങ്ങനെ മോദി സർക്കാരിൽ നിന്ന് പരമാവധി കിട്ടുകയാണ് കേരളത്തിന്.
ഇരട്ട നികുതിയിൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവും ഉണ്ടായിരിക്കുന്നു. കേരളത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് കാരണവും വോട്ട് ബാങ്ക് പൊളിട്ടിക്‌സാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികളെ ഒപ്പം നിർത്താനുള്ള കളി. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കെ മുരളീധരന്റെ ഇടപെടലും ഫലം കണ്ടു. കൊച്ചി മെട്രോയ്ക്ക് കരുത്ത്... റോഡുകൾ വേണ്ടു വോളം; മധുര-കൊല്ലം പാതിയിൽ കോളടിക്കൽ ഇങ്ങനെ സന്തോഷിക്കാൻ ഏറെയുണ്ട്. അപ്പോഴും എയിംസ് എന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ തുടരും.
തെരഞ്ഞെടുപ്പുകാല ബജറ്റായതു കൊണ്ട് തന്നെ എയിംസാണ് ഏവരും പ്രതീക്ഷിച്ചത്. ആരോഗ്യ രംഗത്ത് വിപ്ലവമൊരുക്കുന്ന ഈ സ്വപ്‌നം കേരളം ഏറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. പുതിയ ആരോഗ്യ സ്ഥാപനങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ തുടങ്ങുമെന്ന് ധനമന്ത്രി പറയുന്നുണ്ട്. ഈ വഴിയിൽ കേരളത്തിൽ എയിംസ് എത്തുമോ എന്ന് ഉറപ്പിക്കാൻ കഴിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. കിഫ്ബിക്ക് പാരവരുമെന്ന് പ്രതീക്ഷിച്ച ധനമന്ത്രി തോമസ് ഐസക്കിനും ആശ്വാസമാണ് ഇത്. വികസനത്തിന് ആവോളം പ്രഖ്യാപനങ്ങൾ കേരളത്തിനായി നിർമ്മലാ സീതാരാമൻ നടത്തി.
കേരളത്തിൽ 1100 കി.മി ദേശീയ പാത നിർമ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു. 600 കോടിയാണ് ഇതിനായി മാറ്റിവച്ചത്. മധുര- കൊല്ലം ഉൾപ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തിന് കൂടുതൽ തുക നീക്കിവയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേരളത്തിന് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
ഇതിനു പുറമേ കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റിൽ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം നിർമ്മാണം. പുതിയ മെട്രോ നയം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിനു തടസമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 10 ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങൾക്കു മാത്രം മെട്രോ അനുമതി നൽകിയാൽ മതിയെന്ന തീരുമാനമുള്ളതിനാൽ രാഷ്ട്രീയ തീരുമാനമെടുക്കാതിരിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിനും തമിഴ്‌നാടിനും പുറമെ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും കൈയയച്ചാണ് ദേശീയപാത വികസനത്തിനും മെട്രോകൾക്കുമായി പണം നൽകിയത്. ദേശീയ പാത വികസനത്തിനായി ബംഗാളിന് 25,000 കോടി രൂപയാണ് കേന്ദ്രം നൽകിയത്. കൊച്ചി തുറമുഖത്ത് പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. മത്സ്യബന്ധന തുറമുഖത്തെ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന വാഗ്ദാനമാണ് മന്ത്രി നൽകുന്നത്. കൊച്ചി ഉൾപ്പടെ അഞ്ച് ഹാർബറുകളാണ് ഇത്തരത്തിൽ വികസിപ്പിക്കുക. ബംഗാളിലേയും ആസാമിലേയും തേയില കർഷകർക്ക് ആയിരം കോടി നൽകാനും നിർമ്മല മറന്നില്ല. എന്നാൽ കേരളത്തിലെ തേയില കർഷകർക്ക് പണം നൽകാത്തതിൽ എം പിമാർ ബഹളം വച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുപ്പ് ബഡ്ജറ്റെന്ന് വ്യക്തമായി സൂചന നൽകുന്നതായിരുന്നു ധനമന്ത്രിയുടെ അവതരണം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു തുടക്കം. കേരളവും ബംഗാളും തമിഴ്‌നാടും അടക്കമുള്ളവ ബിജെപി അധികാരത്തിലെത്താനായി കൊതിക്കുന്ന സംസ്ഥാനങ്ങളാണ്.
ഇവിടങ്ങളിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഏതുവിധേനയും തിരഞ്ഞെടുപ്പ് ജയിച്ചുകയറാൻ പരിശ്രമിക്കുന്ന പാർട്ടിക്ക് വോട്ട് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുതൽക്കൂട്ടാകുന്ന പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബ്ജറ്റിൽ ഉടനീളമുള്ളത്. കേരളവും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി നല്ല സൗഹൃദത്തിലാണ്. ഇതും റോഡ് വികസനത്തിൽ കേരളത്തിന്റെ പദ്ധതികൾക്ക് കരുത്തായി.
മറുനാടന് മലയാളി ബ്യൂറോ