- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത; അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; മറ്റ് മന്ത്രിമാരെ നേരിട്ടുകാണും; പ്രവർത്തനം വിലയിരുത്തും; മാറ്റത്തിനൊരുങ്ങി യുപി; യോഗി ആദിത്യനാഥ് മോദിയുമായി കൂടിക്കാഴ്ച നടത്തി; പാർട്ടി ഘടനയിലും മാറ്റങ്ങൾ ഉണ്ടായേക്കും
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായുള്ള വിലയിരുത്തലുകൾക്കായി നടത്തുന്ന യോഗങ്ങളുടെ തുടക്കം എന്ന നിലയിലാണ് യോഗം നടന്നതെന്നാണ് റിപ്പോർട്ട്.
തുടർ യോഗങ്ങളിൽ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.
മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ മോദിയും മന്ത്രിമാരും ചർച്ച നടത്തും. നിരവധി മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കാനും പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖംമിനുക്കൽ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്ജീവനം നൽകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് പുതിയ അംഗങ്ങൾ കേന്ദ്രമന്ത്രിസഭയിൽ എത്താനിടയുണ്ടെന്നാണ് വിവരം.
ഉത്തർ പ്രദേശ് മന്ത്രിസഭയിലും 2022-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി ഘടനയിലും മാറ്റങ്ങൾ വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ വാർത്തയും എത്തുന്നത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉച്ചയ്ക്കു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തർപ്രദേശിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വൻവീഴ്ച സംഭവിച്ചുവെന്ന് കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.
പ്രധാനമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തിൽനിന്നു മാർഗനിർദ്ദേശം ലഭിച്ചുവെന്നും യോഗി ട്വീറ്റ് ചെയ്തു. തുടർന്നാണ് ജെ.പി. നഡ്ഡയുടെ വീട്ടിലെത്തി ഒന്നരമണിക്കൂറോളം ചർച്ച നടത്തിയത്. വ്യാഴാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി യോഗി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു വർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ ബിജെപിക്കുള്ളിലെ ഭിന്നത പരിഹരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെങ്കിലും നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച മുതിർന്ന ബിജെപി നേതാവ് ബി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ കേന്ദ്ര സംഘം യുപിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ജാതി, പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തി പരാതികൾ പരിഹരിക്കാനുള്ള നീക്കമാണ്ബിജെപി നേതൃത്വം നടത്തുന്നത്.
യുപിയിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിനു തൊട്ടു പിറ്റേന്നാണ് യോഗി ആദിത്യനാഥ് കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ജിതിൻ പ്രസാദ ബിജെപിയുടെ നിർണായക ചുമതലയിലേക്ക് എത്തുമെന്നാണു സൂചന. യുപി രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തിൽപെടുന്ന ജിതിൻ പ്രസാദയെയും മറ്റൊരു ബ്രാഹ്മണ മുഖമായ പ്രധാനമന്ത്രിയുടെ വിശ്വസ്തൻ എ.കെ. ശർമയെയും കളത്തിലിറക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു ബിജെപി.
ന്യൂസ് ഡെസ്ക്