- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; വാക്സിൻ ക്ഷാമമില്ല; ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി പേർക്ക് വാക്സിൻ; ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകും; നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി.
രാജ്യത്ത് വാക്‌സിൻ ക്ഷാമം ഇല്ലെന്നും ജൂലൈയോടെ ഒരു ദിവസം ഒരു കോടി വാക്‌സിൻ നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ രോഗവ്യാപനത്തിന് ശമനം ഉണ്ടായെങ്കിലും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഡിസംബറോടെ പൂർണ്ണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പരിശോധനയും വാക്‌സിൻ വിതരണവും രാജ്യത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ നൽക്കുന്നത് തുടരും. അതിൽ മാറ്റമില്ല. വാക്‌സിൻ കലർത്തി നൽകുന്നതിനെ കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വാക്‌സിനുകൾ കലർത്തി നൽകിയാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഇക്കാര്യത്തിൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം മുതൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവയ്പ് നൽകാനാണ് തയ്യാരെടുക്കുന്നത്.
'ഓഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20-25 കോടി വാക്സിൻ ഡോസുകൾ ലഭിക്കും. മറ്റൊരു 5-6 കോടി ഡോസുകൾ മറ്റ് ഉൽപാദന യൂണിറ്റുകളിൽ നിന്നോ അല്ലെങ്കിൽ അന്തർദ്ദേശീയ വാക്സിൻ ഉത്പാദകരിൽനിന്നോ പ്രതീക്ഷിക്കുന്നു.
പ്രതിദിനം ഒരു കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്' - കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയർപേഴ്‌സൺ എൻ.കെ അറോറ പറഞ്ഞു.
കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്സിൻ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരിൽനിന്ന് കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ജൂലൈ പകുതി മുതൽ പ്രതിദിനം ഒരു കോടി വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ പ്രാദേശിക ഉൽപാദനവും ഉടൻ ആരംഭിക്കുന്നതിനാൽ ഇതും വലിയ അളവിൽ ലഭ്യമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ മാർക്കറ്റിലെത്തിയാൽ ലഭ്യത ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം ഇതുവരെ 23 കോടി കോവിഡ് വാക്സിൻ ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. സൗജന്യമായും സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നതുമടക്കം 23,18,36,510 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 21,51,48,659 ഡോസുകളാണ് മൊത്തം ഉപഭോഗമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്