ന്യൂഡൽഹി: കോവിഡ് വാക്‌സീനെടുക്കാൻ കോവിൻ ആപ്പിൽ നേരത്തേ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ എടുക്കാം. ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിർബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്സിൻ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷൻ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ഗ്രാമങ്ങളിൽ ഉൾപ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വാക്‌സീൻ എടുക്കണോയെന്ന ആളുകളുടെ സംശയം ലോകമാകെയുള്ള പ്രതിഭാസമാണെന്നും ശാസ്ത്രീയമായി പഠിച്ചു പരിഹരിക്കേണ്ടതാണെന്നും സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വാക്‌സിനേഷനിൽനിന്ന് ഒഴിവാകാൻ ചിലയിടങ്ങളിൽ ആളുകൾ ശ്രമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണു നടപടികൾ ലഘൂകരിച്ചത്.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്മാർക്കും സൗജന്യമായി വാക്‌സീൻ നൽകുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യയിൽ കൂടുതലുള്ള 18-44 പ്രായക്കാർക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്നതു കോവിഡ് നിയന്ത്രണങ്ങൾ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനും നിർണായകമാണെന്നാണു വിദഗ്ധരുടെ നിർദ്ദേശം. നിലവിൽ ജനസംഖ്യയുടെ 3.3 ശതമാനം പേർക്കു മാത്രമേ വാക്‌സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ.

അതേ സമയം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന. അതേ സമയം ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കേരളത്തിൽ ഇതിനകം 34 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും ഒമ്പത് ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നറിയിച്ചത്. 40 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ജൂലായ് 15 ഓടെ ആദ്യ ഡോസ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.