- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ഡിപ്പോയ്ക്കകത്ത് യൂണിയൻ യോഗവും സമരവും നടത്തുന്നതിനെതിരെ തച്ചങ്കരിയുടെ സർക്കുലർ; ആലപ്പുഴയിൽ സിഎംഡി യോഗം വിളിച്ചതിന് പിന്നാലെ ഡിപ്പോയ്ക്കകത്ത് യോഗം വിളിച്ച് സിഐടിയുവിന്റെ കൊമ്പുകോർക്കൽ; തച്ചങ്കരിയുടെ യോഗത്തിൽ പങ്കെടുക്കരുതെന്ന വിലക്കുലംഘിച്ചും തൊഴിലാളികൾ എത്തിയതിൽ വിറളിപൂണ്ട് യൂണിയനുകൾ; മുഖ്യമന്ത്രി പിണറായി തന്നെ ഒരിക്കൽ വിരട്ടിവിട്ടിട്ടും യൂണിയൻ നേതാവ് നേരിട്ട് കളത്തിലിറങ്ങിയത് ചർച്ചയാവുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ താൽപര്യപ്രകാരം ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിയെ വെല്ലുവിളിക്കാൻ ഒരുങ്ങി കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ. അധികാരമേറ്റതിന് പിന്നാലെ കോർപ്പറേഷനിൽ ജോലികളിൽ തട്ടിപ്പു നടത്തുന്നവരെയും യൂണിയൻ നേതാക്കൾ ചമഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിൽ കസേരയുറപ്പിച്ച് വിലസുന്നവരെയും തച്ചങ്കരി ശക്തമായി നേരിട്ടിരുന്നു. ഇതിന് പുറമേ കോർപ്പറേഷൻ കോമ്പൗണ്ടിനകത്ത് പ്രകടനം, ധർണ, യോഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും തച്ചങ്കരി കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഇതോടെ യൂണിയൻ നേതാക്കൾ തച്ചങ്കരിയുമായി കൊമ്പുകോർക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ നീക്കങ്ങൾ. ആലപ്പുഴയിൽ ഡിപ്പോ സന്ദർശനത്തിനും ജീവനക്കാരുമായുള്ള യോഗത്തിനും എത്തിയ തച്ചങ്കരിയെ നേരിടാൻ ആയിരുന്നു യൂണിയൻ നിർദ്ദേശം. ഡിജിപിയായ തച്ചങ്കരിക്ക് പൊലീസ് സുരക്ഷയുമൊരുക്കി. ഇതിനിടെ യോഗത്തിൽ ആൾസാന്നിധ്യംകുറയ്ക്കാനും യൂണിയനുകളുടെ ഭാഗത്തുനിന്ന് കളികൾ നടന്നു. എന്നാൽ യൂണിയൻ നേതാക്കളായി വ
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ താൽപര്യപ്രകാരം ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിയെ വെല്ലുവിളിക്കാൻ ഒരുങ്ങി കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ. അധികാരമേറ്റതിന് പിന്നാലെ കോർപ്പറേഷനിൽ ജോലികളിൽ തട്ടിപ്പു നടത്തുന്നവരെയും യൂണിയൻ നേതാക്കൾ ചമഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിൽ കസേരയുറപ്പിച്ച് വിലസുന്നവരെയും തച്ചങ്കരി ശക്തമായി നേരിട്ടിരുന്നു.
ഇതിന് പുറമേ കോർപ്പറേഷൻ കോമ്പൗണ്ടിനകത്ത് പ്രകടനം, ധർണ, യോഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും തച്ചങ്കരി കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഇതോടെ യൂണിയൻ നേതാക്കൾ തച്ചങ്കരിയുമായി കൊമ്പുകോർക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ നീക്കങ്ങൾ.
ആലപ്പുഴയിൽ ഡിപ്പോ സന്ദർശനത്തിനും ജീവനക്കാരുമായുള്ള യോഗത്തിനും എത്തിയ തച്ചങ്കരിയെ നേരിടാൻ ആയിരുന്നു യൂണിയൻ നിർദ്ദേശം. ഡിജിപിയായ തച്ചങ്കരിക്ക് പൊലീസ് സുരക്ഷയുമൊരുക്കി. ഇതിനിടെ യോഗത്തിൽ ആൾസാന്നിധ്യംകുറയ്ക്കാനും യൂണിയനുകളുടെ ഭാഗത്തുനിന്ന് കളികൾ നടന്നു. എന്നാൽ യൂണിയൻ നേതാക്കളായി വിലസുന്നവർ യഥാർത്ഥത്തിൽ തൊഴിലാളികളെല്ലന്ന വിവരം അറിയാവുന്ന ഭൂരിഭാഗം തൊഴിലാളികളും യൂണിയന്റെ നിർദ്ദേശം തള്ളി യോഗത്തിനെത്തി. ഇതോടെ തന്ത്രം പൊളിഞ്ഞുവെന്ന് ബോധ്യപ്പെട്ട യൂണിയനുകൾ മറ്റു നീക്കങ്ങൾ തുടങ്ങിയതായാണ് സൂചന.
ഇന്ന് തച്ചങ്കരി ആലപ്പുഴയിലെത്തി ജീവനക്കാരോട് കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കിയാണ് സംവദിച്ചത്. ഇതോടെ ആദ്യം കുറച്ചുപേർ മാത്രമാണ് യോഗത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അവർക്കൊപ്പവും കോർപ്പറേഷന്റെ നന്മയ്ക്ക് വേണ്ടിയാണ് സിഎംഡിയുടെ ഇടപെടലെന്നും ബോധ്യമായതോടെ ഭൂരിഭാഗം സ്റ്റാഫും യോഗത്തിനെത്തി. അതേസമയം, ഇതിനെ ചെറുക്കാനെന്നവണ്ണം കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണനും തച്ചങ്കരിക്ക് തൊട്ടുപിന്നാലെ ആലപ്പുഴ ഡിപ്പോയിൽ തന്നെ യോഗം വിളിച്ചു.
ഇതോടെ തുറന്ന ഏറ്റുമുട്ടലിലേക്ക് യൂണിയൻ കാര്യങ്ങൾ നീക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, കോർപ്പറേഷനെ മെച്ചപ്പെടുത്താൻ ഏതു നടപടികൾ സ്വീകരിക്കാനും തച്ചങ്കരിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതിന് മുമ്പേ തച്ചങ്കരിക്കെതിരെ പരാതിയുമായി എത്തിയ യൂണിയൻ നേതാക്കളെ പിണറായി മടക്കി അയക്കുകയും ചെയ്തിരുന്നു. തച്ചങ്കരിയുടെ പുതിയ ഉത്തരവാണ് യൂണിയൻ നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് പ്രചരണമെങ്കിലും യൂണിയൻ നേതാക്കളായി വിലസുന്ന പലരും തൊഴിലാളികളല്ല ഓഫീസർമാരാണെന്നും ഇത് പച്ചയായ നിയമലംഘനമാണെന്നും ഉള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. എന്നാൽ തച്ചങ്കരിക്ക് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ നൽകിയ നിർദ്ദേശമെന്നും അറിയുന്നു.
കോർപ്പറേഷനെ രക്ഷിക്കാനുള്ള നടപടികൾ പ്രതിരോധിക്കുന്നവരെ നേരിടാൻ സർക്കാരും ഒപ്പമുണ്ടെന്ന സന്ദേശം പലകുറി നൽകപ്പെട്ടതാണ്. എന്നിട്ടും എതിർപ്പുകൾ ഉയർത്തുന്നത് സർക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ എംഡിമാരും വകുപ്പുമന്ത്രിമാരും കൈക്കൊള്ളുന്ന ഓരോ തീരുമാനവും രാ്ഷ്ട്രീയ പിടിപാടുകളിലൂടെ വെട്ടിയ ചരിത്രമാണ് കോർപ്പറേഷനെ ഈ നിലയിലെത്തിച്ചത്. എന്നാൽ ഇക്കുറി അത് നടക്കില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഉൾപ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ടയർ റീട്രെഡിംഗിന്റെ കാര്യത്തിലുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചതും ഏറ്റവുമൊടുവിൽ അർഹതയില്ലാതെ യൂണിയൻ നേതാക്കൾ ചമഞ്ഞ് ട്രാൻസഫർ സുരക്ഷിതത്വം നേടി വിലസുന്ന യൂണിയൻ നേതാക്കളെ പിടികൂടാൻ തീരുമാനിച്ചതുമാണ് തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തച്ചങ്കരി ഉത്തരവും പുറപ്പെടുവിച്ചു. ഇതാണ് ഇന്ന് ആലപ്പുഴയിൽ തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയൻ നേതാവ് തന്നെ നേരിട്ടെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.
തച്ചങ്കരിയുടെ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:
കെഎസ്ആർടിസി ആസ്ഥാന മന്ദിരമായ ട്രാൻസ്‌പോർട്ട് ഭവനിലും യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും കോമ്പൗണ്ടിനുള്ളിൽ നിയമവിരുദ്ധമായ പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ, ധർണ എന്നിവ വിവിധ സംഘടനകൾ നടത്തുന്നത് ശരിയല്ല. ഇത് ഓഫീസ് പ്രവർത്തനത്തേയും സർവീസ് ഓപ്പറേഷനേയും പ്രതികൂലമായി ബാധിക്കുന്നു. ഇത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു. സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഒഴിവാക്കേണ്ടതാണ്.
അതിനാൽ കോമ്പൗണ്ടിനുള്ളിൽ നടത്തുന്ന പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ ധർണ എന്നിവ ഒഴിവാക്കാൻ എല്ലാ സംഘടനകൾക്കും ജീവനക്കാർക്കും നിർദ്ദേശം നൽകുന്നു. ഉത്തരവ് പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാവും.. - ഇതായിരുന്നു തച്ചങ്കരി പുറപ്പെടുവിച്ച സർക്കുലറിന്റെ കാതൽ.
ഇത് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐടിയു യൂണിയൻ തന്നെ ഇന്ന് പോരിന് ഇറങ്ങിയിട്ടുള്ളത്. ആലപ്പുഴയിൽ സിഎംഡി എത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തി മടങ്ങിയതിന് പിന്നാലെ തന്നെ യൂണിയൻ സംസ്ഥാന നേതാവ് യോഗം വിളിച്ചുചേർത്തതാണ് ചർച്ചയാകുന്നത്. കെഎസ്ആർടിസിയെ നന്നാക്കാൻ ഉദ്ദേശിച്ച് സിഎംഡി നടത്തുന്ന കടുത്ത തീരുമാനങ്ങളെ എതിർക്കുന്ന യൂണിയൻ നിലപാടിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോൾ കെഎസ്ആർടിസി വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെട്ട് ഐജി ടോമിൻ തച്ചങ്കരിയെ കോർപ്പറേഷൻ സിഎംഡി ആക്കി നിയമിക്കുന്നത്. ഇതിന് ശേഷം ദിനംപ്രതി കോർപ്പറേഷനിലെ പ്രശ്‌നങ്ങളും കെടുകാര്യസ്ഥതകളും പഠിച്ച് ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ് തച്ചങ്കരി. ഓരോദിവസവും ജീവനക്കാരും ഓഫീസർ തലത്തിലുള്ള മേധാവികളുമെല്ലാം കോർപ്പറേഷനിലെ സൗകര്യങ്ങൾ ദുരുപയോഗിച്ച് ഇതിനെ ഒരു വെള്ളാനയാക്കി മാറ്റിയതിനെതിരെ ശക്തമായ നടപടികളും തച്ചങ്കരി സ്വീകരിക്കുന്നു.
കോർപ്പറേഷനിലെ ഓഫീസർ തസ്തികയിലുള്ളവർ നിയമം ലംഘിച്ച് യൂണിയൻ നേതാക്കളായി വിലസുന്ന ഇടമാണ് കെഎസ്ആർടിസി. നേതാക്കൾക്ക് ട്രാൻസ്ഫർ സംരക്ഷണം ഉണ്ടെന്നതിന്റെ മറവിൽ ഇത്തരത്തിൽ യൂണിയൻ നേതൃത്വങ്ങളിൽ കയറിപ്പറ്റുന്നവർ നിരവധിയാണ്. ഇവരെയെല്ലാം പിടികൂടി നടപടിക്ക് ശുപാർശ ചെയ്ത് സർക്കാരിന് കത്തുനിൽകുകയും ചെയ്തിരുന്നു തച്ചങ്കരി കഴിഞ്ഞദിവസം. ഇതിനെയെല്ലാം പ്രതിരോധിക്കാൻ മുൻകാലങ്ങളിൽ ഇറങ്ങിയതുപോലെ വീണ്ടും യൂണിയൻ നേതാക്കൾ ഇറങ്ങുന്നത് നിയന്ത്രിക്കപ്പെടുമോ എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും.