- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയയെ പാർട്ടി അധ്യക്ഷയാക്കിയത് നിറം കണ്ടിട്ട്; രാജീവ് നൈജീരിയക്കാരിയെ കെട്ടിയിരുന്നെങ്കിൽ കോൺഗ്രസുകാർ തിരിഞ്ഞു നോക്കില്ലായിരുന്നു: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയാധിക്ഷേപം വിവാദത്തിൽ; ശാസിച്ച് ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം കോൺഗ്രസ് അംഗീകരിച്ചത് അവർക്കു വെളുത്ത നിറമുള്ളതുകൊണ്ടാണെന്നാണ് കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് പറഞ്ഞത്. രാജീവ് ഗാന്ധി ഒരു നൈജീരിയൻ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം കോൺഗ്രസ് അംഗീകരിച്ചത് അവർക്കു വെളുത്ത നിറമുള്ളതുകൊണ്ടാണെന്നാണ് കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് പറഞ്ഞത്.
രാജീവ് ഗാന്ധി ഒരു നൈജീരിയൻ വനിതയെയോ വെളുത്തവർഗക്കാരിയല്ലാത്ത സ്ത്രീയെയോ ആണ് വിവാഹം ചെയ്തിരുന്നതെങ്കിൽ കോൺഗ്രസ് അവരുടെ നേതൃത്വം അംഗീകരിക്കുമായിരുന്നോ എന്നും ഹാജിപൂരിൽ ചൊവ്വാഴ്ച നടന്ന പരിപാടിക്കിടെ സിങ് ചോദിച്ചിരുന്നു.
പ്രസ്താവന വിവാദമായതോടെ വാർത്താസമ്മേളനത്തിനു ശേഷമുള്ള തന്റെ അനൗദ്യോഗിക സംഭാഷണമായിരുന്നു അതെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. വംശീയ അധിക്ഷേപ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. ബിജെപി നേതാക്കളുടെ സദാചാര ബോധമില്ലായ്മയെയയാണ് സിങ്ങിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.
ലൈംഗികവും വർഗീയവുമായ അതിഗുരുതര അധിക്ഷേപമാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്നും ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഗിരിരാജ് സിങ്ങിന്റെ വർഗീയ അധിക്ഷേപത്തെ സിപിഐ(എം) നേതാവ് ബൃന്ദാ കാരാട്ടും അപലപിച്ചു. വംശീയമായ പരാമർശമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. സ്ത്രീകളെയാകെ അപമാനിക്കുന്നതാണ് മന്ത്രിയുടെ വാക്കുകളെന്നും ബൃന്ദ പറഞ്ഞു.
ഇനിയും കണ്ടെത്താനാകാത്ത മലേഷ്യൻ വിമാനത്തിന്റെ അവസ്ഥ പോലെയാണ് രാഹുൽ ഗാന്ധിയുടെ കാര്യമെന്നും ഗിരിരാജ് സിങ് പരിഹസിച്ചിരുന്നു. കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു ഗിരിരാജ് സിങ്ങ് വിവാദമുയർത്തിയിരുന്നു.
ഗിരിരാജ് സിങ്ങിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിൽ മന്ത്രിയുടെ ബോധം തന്നെ പോയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗിരിരാജ് സിങ്ങിനെ ശാസിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായാണ് ശാസിച്ചത്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും അമിത് ഷാ താക്കീതു നൽകുകയും ചെയ്തു.

