കോയമ്പത്തൂർ: പൊട്ടിയ ചെരുപ്പുമായി കേന്ദ്രമന്ത്രി ചെരുപ്പ് കുത്തിയുടെ അടുത്ത് എത്തുക. അതിന് ശേഷം ഒപ്പമിരുന്ന് നന്നാക്കുക. പിന്നെ കാശ് കൊടുക്കുക-വിമാനയാത്രയ്ക്ക് ഒടുവിൽ സ്മൃതി ഇറാനിയെന്ന കേന്ദ്രമന്ത്രിയുടെ പ്രവർത്തികൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. അങ്ങനെ കുറച്ചു നാളിന് ശേഷം സ്മൃതി ഇറാനി വീണ്ടും താരമാകുന്നു.

പത്തുരൂപയ്ക്കു ചെരുപ്പുതുന്നിയ ചെരുപ്പുകുത്തിക്ക് 100 രൂപ നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മന്ത്രിയുടെ പ്രവൃത്തിക്കു സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിലാണ് അഭിനന്ദന പ്രവാഹം. ഇഷ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഈ വിഡിയോ ഇപ്പോൾ വൈറലായി.

വിമാനത്തിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ മന്ത്രിയുടെ ചെരുപ്പ് പൊട്ടിയിരുന്നു. ചടങ്ങു നടക്കുന്ന സ്ഥലത്തേക്കു പോകവേ വിമാനത്താവളത്തിൽനിന്ന് 16 കിലോമീറ്റർ ദൂരെയുള്ള പേരൂരിൽ വച്ചാണ് അവർ ചെരുപ്പുകുത്തിയെ കണ്ടത്. ഉടൻ തന്നെ വണ്ടിനിർത്തി ചെരുപ്പ് നന്നാക്കാനായി മന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയായിരുന്നു. തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി വാനതി ശ്രീനിവാസനും സ്മൃതി ഇറാനിക്കൊപ്പമുണ്ടായിരുന്നു.

ചെരുപ്പ് തുന്നിത്തീരുന്നതുവരെ മന്ത്രി സമീപത്തിരുന്നു. 10 രൂപയാണ് കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ ചെയ്ഞ്ച് വേണ്ട ബാക്കി കൈവശം വച്ചുകൊള്ളൂ എന്നുപറഞ്ഞ് 100 രൂപയാണ് ഇയാൾക്കു നൽകിയത്. എന്നാൽ അധികം പണം വാങ്ങിയതിനാൽ ചെരുപ്പിൽ കൂടുതൽ തുന്നലുകൾ നടത്തിയശേഷമാണ് അയാൾ മന്ത്രിയെയും സംഘത്തെയും വിട്ടത്.