ബിക്കാനിർ: സ്വന്തം മണ്ഡലത്തിൽ മൊബൈൽ കവറേജില്ലാത്തതിനാൽ മരത്തിൽ കയറേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലാകുന്നു. കേന്ദ്രധന സഹമന്ത്രി അർജുൻ റാം മേഘ്വാളിനാണ് മരത്തിൽ കയറേണ്ട ഗതികേടുണ്ടായത്. രാജസ്ഥാനിലെ സ്വന്തം മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമം സന്ദർശിക്കുമ്പോഴാണ് സംഭവമുണ്ടായത്.

ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളെ വിളിച്ചറിയിക്കാനാണ് കേന്ദ്രമന്ത്രിക്ക് മൊബൈൽ കവറേജ് കിട്ടാൻ മരം കയറേണ്ടി വന്നത്. തങ്ങളുടെ ഗ്രാമത്തിലെ പ്രശ്നങ്ങളോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണെന്ന പരാതിയുമായി ഗ്രാമവാസികൾ ഇദ്ദേഹത്തിനെ സമീപിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ലാൻഡ് ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഫോൺ ചെയ്യാനായില്ല.

മൊബൈൽ ഫോണിലും കവറേജ് ഇല്ലായിരുന്നു. തുടർന്ന് മരത്തിൽ കയറിയാൽ ചിലപ്പോൾ കവറേജ് ലഭിക്കുമെന്ന ഗ്രാമവാസികളുടെ നിർദേശത്തെത്തുടർന്ന് മന്ത്രി ഏണിവെച്ച് മരത്തിൽ കയറി ഫോൺ ചെയ്യുകയായിരുന്നു.

മരത്തിൽ കറിയതോടെ മന്ത്രിക്ക് ഫോണിൽ നെറ്റ്‌വർക്ക് ലഭിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് മന്ത്രി ഗ്രാമീണരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി പുതിയ പദ്ധതിയും ഗ്രാമീണർക്ക് ബിഎസ്എൻഎൽ ടവറും വാഗ്ദാനം ചെയ്തശേഷമാണ് അർജുൻ റാം മേഘ്വാൾ ഗ്രാമം വിട്ടത്.